National
സുഭാഷ് ചന്ദ്ര ബോസ് ആര്‍ എസ് എസ് വിമര്‍ശകന്‍ : മകള്‍ അനിത ബോസ്
പ്രതികരണം ജന്മദിനാഘോഷത്തിനുള്ള ആർ എസ് എസ് ഒരുക്കത്തിനിടെ
കൊല്‍ക്കത്ത | ആര്‍ എസ് എസ് വിമര്‍ശകന്‍ ആയിരുന്നു തൻ്റെ പിതാവെന്ന പ്രതികരണവുമായി നേതാജിയുടെ മകള്‍ അനിത ബോസ്. ബെംഗാള്‍ പര്യടനത്തിനെത്തുന്ന ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗ്‌വതിൻ്റെ നേതൃത്വത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ 126ാം ജന്മദിന ആഘോഷത്തിനുള്ള ഒരുക്കത്തിനിടെയാണ് അനിതയുടെ പ്രതികരണം.
സുഭാഷ് ചന്ദ്ര ബോസ് ഹിന്ദു മത വിശ്വാസി ആയിരുന്നെന്നും എന്നാല്‍, എല്ലാ മതക്കാരെയും ആദരിക്കുകയും എല്ലാവരും ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ്. ആര്‍ എസ് എസ് ഇതില്‍ വിശ്വസിക്കുന്നതായി താന്‍ മനസ്സിലാക്കുന്നില്ലെന്നും അനിത പറഞ്ഞു.
ആര്‍ എസ് എസ് നേതാജിയുടെ ആദര്‍ശം പുണരാന്‍ തുടങ്ങുകയാണെങ്കില്‍ അത് ഇന്ത്യക്ക് നല്ലതാണ്. അതേസമയം, നേതാജി മതേതരത്തില്‍ വിശ്വസിച്ചവരായിരുന്നു. ആര്‍ എസ് എസുകാര്‍ അങ്ങനെ ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല. അവര്‍ ഹിന്ദുത്വ ദേശീയ നടപ്പാക്കാന്‍ തുനിയുന്നെങ്കില്‍ നേതാജിയുടെ ആശയവുമായി പൊരുത്തപ്പെടില്ലെന്നും അനിത തുറന്നടിച്ചു.
എന്നാല്‍, അനിതയുടെ അഭിപ്രായം ശരിയല്ലെന്നും ആര്‍ എസ് എസ് ആഭിമുഖ്യമുള്ളയാളായിരുന്നു നേതാജിയെന്നുമാണ് ആര്‍ എസ് എസ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഈ മാസം 23നാണ് സുഭാഷ് ചന്ദ്രബോസിൻ്റെ 126ാം ജന്മദിനം.