Connect with us

suplyco subsidy

സബ്‌സിഡി കുറച്ചത് സപ്ലൈകോയെ രക്ഷിക്കാനുള്ള ചെറിയ പൊടിക്കൈ മാത്രം: മന്ത്രി ജി ആര്‍ അനില്‍

വില മൂന്ന് മാസം കൂടുമ്പോള്‍ വിപണി വിലയ്ക്കനുസൃതമായി പുനര്‍നിര്‍ണയിക്കും

Published

|

Last Updated

തിരുവനന്തപുരം | സപ്ലൈകോയില്‍ 13 ഇനങ്ങളുടെ സബ്‌സിഡി കുറച്ചത് സപ്ലൈകോയെ രക്ഷിക്കാനുള്ള ചെറിയ പൊടിക്കൈ ആണെന്നു ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍. സബ്‌സിഡി സാധനങ്ങളുടെ വില മൂന്ന് മാസം കൂടുമ്പോള്‍ വിപണി വിലയ്ക്കനുസൃതമായി പുനര്‍നിര്‍ണയിക്കും. സബ്‌സിഡി നിരക്കു കുറച്ചതു കാലോചിതമായ മാറ്റമാണ്.

അഞ്ചു വര്‍ഷം വില ഉയരില്ലെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാറിന്റെ വാഗ്ദാനം. ആദ്യ സര്‍ക്കാറിന്റെ കാലാവധി കഴിഞ്ഞ് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ മാത്രമാണു വില ഉയര്‍ത്തുന്നതെന്നു മന്ത്രി പ്രതികരിച്ചു. സപ്ലൈകോയില്‍ സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തും. സബ്‌സിഡി 25 ശതമാനമാക്കാനായിരുന്നു നേരത്തെ തീരുമാനം. അത് 35 ആക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുടിശിക നല്‍കിയാല്‍ പോലും പ്രതിസന്ധി പരിഹരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ധനവകുപ്പിന്റെ തീരുമാനത്തെ അംഗീകരിക്കുന്നു. വിലകൂട്ടല്‍ ജനങ്ങളെ ബാധിക്കില്ലെന്നും അവരെ കാര്യങ്ങള്‍ ബോധ്യപ്പെട്ടുത്തുമെന്നും മന്ത്രി പറഞ്ഞു.

13 ഇന സബ്സിഡി സാധനങ്ങള്‍ക്ക് ലഭിച്ചിരുന്ന 55 ശതമാനം സബ്സിഡിയാണ് 35 ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാറിന്റെ പ്രകടപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു അടുത്ത അഞ്ചു വര്‍ഷത്തേക്കു വിലകൂട്ടില്ല എന്നത്. 2016 മുതല്‍ സപ്ലൈകോയില്‍ 13 സബ്‌സിഡി സാധനങ്ങള്‍ക്ക് ഒരേ വിലയായിരുന്നു. ഒരു രൂപ പോലും വില കൂട്ടാത്തത് അടുത്ത തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വലിയ നേട്ടമായി ഉയര്‍ത്തിക്കാണിച്ചു.

കടം വര്‍ധിച്ച സാഹചര്യത്തില്‍ സാധനങ്ങളുടെ വില കൂട്ടുക, അല്ലെങ്കില്‍ കുടിശ്ശിക നല്‍കുക എന്നതായിരുന്നു സപ്ലൈകോയുടെ ആവശ്യം. നവംബറില്‍ ചേര്‍ന്ന എല്‍ ഡി എഫ് യോഗം വിലവര്‍ധിപ്പിക്കാന്‍ രാഷ്ട്രീയ തീരുമാനമെടുത്തു. പിന്നീട് വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള വില വര്‍ധന.

 

---- facebook comment plugin here -----

Latest