National
സിസോദിയക്കും ജെയിനിനും പകരക്കാര്‍; സൗരഭ് ഭരദ്വാജ്, അതിഷി എന്നിവരെ മന്ത്രിമാരായി ഉള്‍പ്പെടുത്താന്‍ സാധ്യത
സൗരഭ് ഭരദ്വാജിന്റെയും അതിഷിയുടെയും പേരുകള്‍ അരവിന്ദ് കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനക്ക് കൈമാറിയിട്ടുണ്ട്.
ന്യൂഡല്‍ഹി| ഗുരുതര അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും രാജിവെച്ചതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എമാരായ സൗരഭ് ഭരദ്വാജ്, അതിഷി എന്നിവരെ കാബിനറ്റ് മന്ത്രിമാരായി ഉയര്‍ത്തിയേക്കും. സൗരഭ് ഭരദ്വാജിന്റെയും അതിഷിയുടെയും പേരുകള്‍ എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനക്ക് കൈമാറിയിട്ടുണ്ട്.
ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഭരദ്വാജ് എഎപിയുടെ മുഖ്യ വക്താവ് കൂടിയാണ്. രാജ്യതലസ്ഥാനത്തേക്ക് വെള്ളം എത്തിക്കുന്നതിനുള്ള ചുമതലയുള്ള ഏജന്‍സിയായ ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. അഴിമതി വിരുദ്ധ ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് 2013-14 കാലത്ത് 49 ദിവസം മാത്രം മന്ത്രിയായിരുന്ന ചരിത്രവുമുണ്ട് ഇദ്ദേഹത്തിന്.
കല്‍കാജിയില്‍ നിന്നാണ് ആതിഷി തെരഞ്ഞെടുക്കപ്പെട്ടത്. എ.എ.പിയുടെ രാഷ്ട്രീയ കാര്യ കമ്മിറ്റി അംഗമാണ് അവര്‍. സിസോദിയയുടെ ഉപദേഷ്ടകയായി പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞദിവസമാണ് സത്യേന്ദര്‍ ജെയിന്‍ ആരോഗ്യമന്ത്രിസ്ഥാനം രാജിവെച്ചത്. ഈ വകുപ്പിന്റെയും ചുമതല സിസോദിയക്കായിരുന്നു. അഴിമതിക്കേസില്‍ അറസ്റ്റിലായിട്ടും രണ്ടുനേതാക്കളും മന്ത്രിപദവികളില്‍ തുടരുന്നതിന് എതിരെ ബി.ജെ.പി രംഗത്തുവന്നിരുന്നു.
മന്ത്രി രാജ്കുമാര്‍ ആനന്ദ് ആണ് ഇപ്പോള്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. ഞായറാഴ്ചയാണ് മദ്യനയക്കേസില്‍ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പണം തിരിമറികേസില്‍ ജെയിനിനെ കഴിഞ്ഞ മേയിലും അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇദ്ദേഹം.