Connect with us

Ongoing News

പകരക്കാര്‍ വിധിയെഴുതി; ചെക്കിനെതിരെ ജയം നേടി പറങ്കിപ്പട

ഒന്നിനെതിരെ രണ്ട് ഗോളിനാണ് യൂറോ കപ്പിലെ തങ്ങളുടെ ആദ്യ അങ്കത്തില്‍ പോര്‍ച്ചുഗല്‍ ജയിച്ചുകയറിയത്.

Published

|

Last Updated

ലൈപ്‌സീഗ് | ചെക്ക് റിപബ്ലിക്ക് ഉയര്‍ത്തിയ കടുത്ത വെല്ലുവിളിയെ മറികടന്ന് വിജയം നേടി പറങ്കിപ്പട. ഒന്നിനെതിരെ രണ്ട് ഗോളിനാണ് യൂറോ കപ്പിലെ തങ്ങളുടെ ആദ്യ അങ്കത്തില്‍ പോര്‍ച്ചുഗല്‍ ജയിച്ചുകയറിയത്. സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയ ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സാവോ ഇന്‍ജ്വറി ടൈമില്‍ നേടിയ ഗോളാണ് പോര്‍ച്ചുഗലിന് വിജയമൊരുക്കിയത്. 90-ാം മിനുട്ടില്‍ കോണ്‍സെയ്‌സാവോക്കൊപ്പം പകരക്കാരനായി ഇറങ്ങിയ പെഡ്രോ നെറ്റോയാണ് ഗോളിലേക്കുള്ള വഴി തുറന്നത്.

62-ാം മിനുട്ടില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ച് ചെക്കിനായി ലൂക്കാസ് പ്രൊവോദ് ഗോള്‍ നേടി. എന്നാല്‍, 69-ാം മിനുട്ടില്‍ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചു. പെനാള്‍ട്ടി ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ ഗോള്‍ വല ലക്ഷ്യമാക്കിയെത്തിയ പന്ത് ചെക്ക് ഗോള്‍ കീപ്പര്‍ ജിന്‍ഡ്രിഷ് സ്റ്റാനെക് തട്ടിയകറ്റിയെങ്കിലും സ്വന്തം ടീമിന്റെ തന്നെ താരം റോബിന്‍ റാനകിന്റെ കാലില്‍ത്തട്ടി വലയില്‍ പതിക്കുകയായിരുന്നു.

സമനിലയെത്തിയതോടെ കളി മുറുകി. ഇരു ടീമുകളും വേഗതയേറിയ മുന്നേറ്റങ്ങള്‍ നടത്തുകയും അവസരങ്ങള്‍ തുറക്കുകയും ചെയ്‌തെങ്കിലും ലീഡ് നേടാനായില്ല. ഒടുവില്‍ സമനിലപ്പൂട്ട് പൊളിച്ച പോര്‍ച്ചുഗലിന്റെ ഗോള്‍ 90+2 മിനുട്ടില്‍ വന്നെത്തി. പോര്‍ച്ചുഗല്‍ താരം നെറ്റോയുടെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ചെക്ക് പ്രതിരോധം പരാജയപ്പെട്ടത് മുതലെടുത്ത് കോണ്‍സെയ്‌സാവോ വിജയഗോള്‍ കുറിക്കുകയായിരുന്നു.

 

Latest