Connect with us

prathivaram cover story

കാല്‍പ്പന്തിലെ വിജയം കാക്കിയിലെയും

കളിമൈതാനങ്ങളില്‍ കാലം മായ്ക്കാത്ത കാല്‍പ്പാടുകള്‍ പതിപ്പിച്ച ഐ എം വിജയന്‍ പോലീസ് കുപ്പായം അഴിക്കുന്നു. നീണ്ട 38 വര്‍ഷക്കാലത്തെ പോലീസ് ജീവിതത്തിനൊടുവിൽ ഈ മാസം 30 നാണ് വിജയന്‍ മലപ്പുറം എം എസ് പിയില്‍ അസ്സി. കമാന്‍ഡന്റ് തസ്തികയില്‍ നിന്ന് കാക്കി ക്കുപ്പായമഴിക്കുന്നത്. കളിക്കാരനായും പോലീസു കാരനായും നടനായും നിറഞ്ഞുനില്‍ക്കുന്ന പ്രിയ താരം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ പിന്നിട്ട വഴികളിലൂടെയൊരു യാത്ര.

Published

|

Last Updated

“പിന്നെ എന്തൂട്ടാ ഇവന് പറ്റ്വാ? ഈ പഠിക്കാത്തവന് പിന്നെ എന്തൂട്ട് ജോല്യാ കിട്ട്വാ? പഠിക്കാന്‍ പൂവാത്തത്, ഇത് കാരണം കൊണ്ടാണ്. പഠിക്കാന്‍ ഉത്സാഹോല്ല്യ. കളിക്കണം, കളിക്കണം. ആള്‍ക്ക് ഭയങ്കര മടിയാണ്. ഈ കളിയന്നെ, കളിയന്നെ. തുണിപ്പന്ത്മ്മെ കളിച്ച് കളിച്ച്, പിന്നെ പന്ത്്മ്മ്്ലേക്കായി. ഇവന്റെ കളി കണ്ടപ്പോ ചാത്തുണ്ണിസ്സാറ് ചോദിച്ചു. ഇട്ക്കാനായിട്ട്. അങ്ങനെ ഇട്ത്ത്, തിരുവനന്തപുരത്തിക്ക് കൊണ്ടുപോയി.’ ജീവിച്ച കാലം മുഴുവന്‍ ചെരിപ്പിടാത്ത കാലുകളുമായി വിയര്‍ത്തു നടന്ന ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇതിഹാസം രചിച്ച അയനിവളപ്പില്‍ മണി വിജയന്‍ എന്ന ഐ എം വിജയന്റെ വിട പറഞ്ഞ അമ്മ കൊച്ചമ്മുവിന്റെ വാക്കുകളാണിത്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ പിറകോട്ടു തട്ടി ഇന്ത്യന്‍ ഫുട്‌ബോളിന്റെ നായകനിലേക്ക് വളര്‍ന്നയാളുടെ അമ്മ.

ആ അമ്മയുടെ വാക്കുകളിലുണ്ട് ഐ എം വിജയനെന്ന കാല്‍പ്പന്തില്‍ വിജയം തീര്‍ത്ത ജീവിത രേഖ. കളിമൈതാനങ്ങളില്‍ കാലം മായ്ക്കാത്ത കാല്‍പ്പാടുകള്‍ പതിപ്പിച്ച ആ വിജയന്‍ പോലീസ് കുപ്പായം അഴിക്കുന്നു. നീണ്ട 38 വര്‍ഷക്കാലത്തെ പോലീസ് ജീവിതത്തിനൊടുവിന്‍ ഈ മാസം 30 നാണ് ഐ എം വിജയന്‍ മലുപ്പുറം എം എസ് പിയില്‍ അസ്സി.കമാന്‍ഡന്റ് തസ്തികയില്‍ നിന്നും കാക്കിക്കുപ്പായമഴിക്കുന്നത്. കളിക്കാരനായും പോലീസുകാരനായും സിനിമാ നടനായും നിറഞ്ഞുനില്‍ക്കുന്ന പ്രിയ താരം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ പിന്നിട്ട വഴികളെ ഓര്‍ത്തെടുക്കുകയാണ്.

കോലോത്തുംപാടത്തെ മുത്ത്

തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് സമീപത്തെ കോലോത്തുംപാടം കോളനിയില്‍ നിന്ന് ഉയര്‍ന്നുവന്ന മലയാളിയുടെ മുത്താണ് ഐ എം വിജയന്‍. തൃശൂര്‍ കോലോത്തുംപാടത്തെ ഓലക്കുടിലുകളിലൊന്നില്‍ അയനിവളപ്പില്‍ മണിയെന്ന കൂലിപ്പണിക്കാരന്റെ രണ്ട് ആണ്‍മക്കളില്‍ ഇളയവനായി 1969 ഏപ്രില്‍ 25നാണ് ജനനം. ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ പട്ടിണി മാത്രം ബാക്കിയാക്കി പിതാവ് മണി വിടവാങ്ങി. അതോടെ കുടുംബ ഭാരം മുഴുവന്‍ അമ്മ കൊച്ചമ്മുവിന്റെ ചുമലിലായി. വിജയനും ജ്യേഷ്ഠന്‍ ബിജുവും കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി.

ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്തും മനസ്സ് നിറയെ ഫുട്‌ബോളായിരുന്നു. പാഴ്തുണികൊണ്ട് പന്തുണ്ടാക്കി കോളനിയിലെ കുട്ടികള്‍ക്കൊപ്പം കളി തുടങ്ങി. പഠിത്തത്തില്‍ സീറോ ആയിരുന്നുവെങ്കിലും ഫുട്‌ബോള്‍ കളിച്ച് ഹീറോ ആയി. സി എം എസ് സ്‌കൂളില്‍ ആയിരിക്കെ ജില്ലാ സംസ്ഥാന തല സ്‌കൂള്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ജോസ് പറമ്പനാണ് വിജയനിലെ ഫുട്‌ബോള്‍ താരത്തെ ആദ്യം തിരിച്ചറിയുന്നത്. അദ്ദേഹം ഫുട്‌ബോള്‍ ക്യാമ്പിലേക്ക് വിജയനെ കൈപ്പിടിച്ചു. മുന്‍ അന്താരാഷ്ട്ര താരം ടി കെ ചാത്തുണ്ണിയുടെ കൈകളില്‍ വിജയനെത്തി. അവിടെ നിന്ന് തുടങ്ങുന്നു വിജയന്‍ എന്ന പ്രൊഫഷണല്‍ ഫുട്‌ബോളറുടെ തേരോട്ടം. കളി കാണാന്‍ ടിക്കറ്റെടുക്കാന്‍ കാശില്ലാതെ സോഡ വിറ്റ് നടന്ന വിജയന്‍ എന്ന പയ്യന്റെ കാലുകള്‍ക്ക് പിന്നീട് ലക്ഷങ്ങളുടെ വിലയുണ്ടായി.

മധുരപ്പതിനേഴില്‍ പോലീസില്‍

1986 ല്‍ നടന്ന കേരള പോലീസ് ടീമിന് വേണ്ടിയുള്ള സെലക്്ഷന്‍ ട്രയല്‍സിന്റെ മൈതാനം. മികവാര്‍ന്ന കളിയടവുകളും അസാമാന്യ മെയ്‌വഴക്കവും കാലിലൊളിപ്പിച്ച് ചടുലമായ നീക്കങ്ങളോടെ കളിക്കളത്തില്‍ നൃത്തം ചവിട്ടിയ പതിനേഴുകാരനെ പോലീസിന് പെരുത്ത് ഇഷ്ടമായി. അന്ന് ഡി ജി പിയായിരുന്ന എം കെ ജോസഫ് ആ പയ്യനെ നോട്ടമിട്ടു. 18 വയസ്സ് തികയാത്തതിനാല്‍ പോലീസ് ടീമിലെടുക്കാനാകില്ല. അസാമാന്യനായ ആ കായിക പ്രതിഭയെ ഒഴിവാക്കാനുമാവില്ല.ആറ് മാസത്തിലധികം അതിഥി താരമായി പോലീസ് ടീമില്‍ കളിച്ചു. കൃത്യം 18 തികഞ്ഞപ്പോള്‍ 1987ല്‍ പോലീസ് കോണ്‍സ്റ്റബിളായി നിയമനം നല്‍കി പോലീസ് ടീമിന്റെ ഭാഗമാക്കി. അങ്ങനെ ഐ എം വിജയനെന്ന മലയാളിയുടെ മുത്ത് പോലീസിന്റെ ഭാഗമായി. നാല് പതിറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ രണ്ട് തവണയായി പത്ത് വര്‍ഷത്തിലധികം പ്രൊഫഷനല്‍ ക്ലബുകളില്‍ കളിക്കാന്‍ സര്‍വീസില്‍നിന്ന് വിട്ടുനിന്നു. വര്‍ഷങ്ങള്‍ക്കുശേഷം പോലീസില്‍ എ എസ് ഐയായി തിരിച്ചെത്തിയ വിജയന്‍ 2021ല്‍ എം എസ് പി അസി. കമാന്‍ഡന്റായി.

പോലീസില്‍ നിന്ന് പ്രൊഫഷനല്‍ ക്ലബിലേക്ക്

കേരള പോലീസ് ടീമിന്റെ സുവര്‍ണകാലത്ത് തന്നെ അതിന്റ ഭാഗമാകാന്‍ വിജയന് കഴിഞ്ഞിരുന്നു. 1984 ലാണ് കേരള പോലീസ് ഫുട്‌ബോള്‍ ടീം തുടങ്ങുന്നത്. എണ്‍പതുകളുടെ അവസാനം മുതല്‍ തൊണ്ണൂറുകളുടെ പകുതിവരെ ടീമിന്റെ പ്രതാപകാലം. 1990ല്‍ തൃശൂരിലും 1991ല്‍ കണ്ണൂരിലും നടന്ന ഫെഡറേഷന്‍ കപ്പില്‍ കേരള പോലീസ് കിരീടം ചൂടി. വി പി സത്യന്‍, യു ഷറഫലി, സി വി പാപ്പച്ചന്‍, കുരികേശ് മാത്യു, കെ ടി ചാക്കോ എന്നിവര്‍ക്കൊപ്പം അന്നത്തെ സുവര്‍ണനിരയില്‍ വിജയനും ഇടം പിടിച്ചു. ഇതിനിടെ 1991ല്‍ കൊല്‍ക്കത്തന്‍ ക്ലബ്ബായ മോഹന്‍ബഗാനു വേണ്ടി കളിക്കാൻ പോയി. അടുത്തവര്‍ഷം തിരിച്ചുവന്നു. 1993ല്‍ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലും അംഗമായി. അധികം വൈകാതെ വീണ്ടും പ്രൊഫഷനല്‍ ക്ലബ്ബുകളിലേക്ക് തിരിച്ചുപോയി. ഈസ്റ്റ് ബംഗാള്‍, ജെ സി ടി മില്‍സ് എന്വാര, എഫ്് സി കൊച്ചിന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് തുടങ്ങിയ ടീമുകള്‍ക്കായി ബൂട്ടുകെട്ടിയ ശേഷം വീണ്ടും കേരള പോലീസിലേക്ക്.

ജേഴ്‌സി നമ്പര്‍ 10

1991ല്‍ തിരുവനന്തപുരം നെഹ്‌റു കപ്പില്‍ റുമാനിയക്കെതിരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തിയ വിജയന്‍ 88 മത്സരങ്ങളില്‍ നിന്നും നേടിയത് 39 ഗോളുകളാണ്. 1998 ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലും 2000 ഏഷ്യാ കപ്പിലുമായി രണ്ട് തവണ ഇന്ത്യന്‍ നായകക്കുപ്പായവുമിട്ടു. 1992, 1997, 2000 വര്‍ഷങ്ങളില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച താരത്തിനുള്ള അവാര്‍ഡും സ്വന്തമാക്കി. 2003 ലെ ആഫ്രോ- ഏഷ്യന്‍ ഗെയിംസില്‍ നാല് ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. ആ ടൂര്‍ണമെന്ററിന് ശേഷമാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചത്. 12 വര്‍ഷക്കാലം ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കളിക്കളം അടക്കിവാണ അദ്ദേഹം വിരമിച്ച ശേഷവും ഫുട്‌ബോളിനെ ചുറ്റിപ്പറ്റിയാണ് ജീവിക്കുന്നത്. കേരള പോലീസിന്റെ ഫുട്‌ബോള്‍ ടീമിന്റെ നെടുംതൂണുകളില്‍ ഒരാളായ വിജയനെ 2002ല്‍ അര്‍ജുന അവാര്‍ഡും 2025ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചു.

പടിയിറക്കം അസ്സി. കമാന്‍ഡന്റായി

എം എസ് പി അസി. കമാന്‍ഡന്റ് തസ്തികയില്‍ നിന്ന് ഈ മാസം ഐ എം വിജയന്‍ പോലീസ് സേനയില്‍ നിന്നും വിരമിക്കും. നീണ്ട വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനൊടുവില്‍ 2021ലാണ് എം എസ് പി അസി. കമാന്‍ഡന്റായി കാല്‍പ്പന്തുകളിയുടെ തട്ടകമായ മലപ്പുറത്ത് എത്തുന്നത്. മലബാര്‍ സ്‌പെഷ്യൽ പോലീസ് (എം എസ് പി) നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കേരള പോലീസ് ഫുട്‌ബോള്‍ അക്കാദമിയുടെ ഡയറക്ടര്‍ കൂടിയാണ്. ഇടക്കാലത്ത് സിനിമയിലും വേഷമിട്ടു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും എം എസ് പിക്കായി കളിച്ചു. കളി മാത്രമായിരുന്നില്ല, ശബരിമല ഡ്യൂട്ടിക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും വിജയന്‍ പോയിട്ടുണ്ട്. കുടുംബമാണ് വിജയന്റെ എല്ലാമെല്ലാം. സുഹൃത്തുക്കളുടെ ഒരു വലിയ സംഘം തന്നെയുണ്ട്. ഇത് രണ്ടുമാണ് തന്റെ ശക്തിയെന്ന് വിജയന്‍ എപ്പോഴും പറയും. രാജിയാണ് ഭാര്യ. മക്കള്‍ അര്‍ച്ചന (ഫിസിയോ തെറാപ്പിസ്റ്റ്, തൃശൂര്‍ ജില്ലാ ആശുപത്രി), ആരോമല്‍ (വീഡിയോ അനലൈസര്‍, ഈസ്റ്റ് ബംഗാള്‍), അഭിരാമി (യു കെ). മരുമകന്‍: ആദില്‍ (ബിസിനസ്സ്).

സുവര്‍ണ താര നിരയിലെ ഇളമുറക്കാരന്‍

വി പി സത്യന്‍, യു ഷറഫലി, സി വി പാപ്പച്ചന്‍, കെ ടി ചാക്കോ, കുരികേശ് മാത്യു, പി പി തോബിയാസ്, ഐ എം വിജയന്‍… ഒരുകാലത്ത് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ നിറഞ്ഞ് നിന്ന സുവര്‍ണ താരങ്ങള്‍. എല്ലാവരും കേരള പോലീസിന്റെ മിന്നും താരങ്ങള്‍. ഈ നിരയിലെ ഇളമുറക്കാരനും അവസാന കണ്ണിയുമാണ് വിജയന്‍. പോലീസ് കോൺസ്റ്റബിളായി പ്രവേശിച്ച വിജയന്‍ എം എസ് പി അസ്സിസ്റ്റന്റ് കമാന്‍ഡന്റായാണ് വിരമിക്കുന്നത്. ബാക്കിയുളളവരില്‍ വി പി സത്യന്‍ വിട പറഞ്ഞു. പിന്നെയുള്ള അഞ്ചുപേര്‍ നേരത്തെ വിരമിച്ചു. 30ന് വിജയന്‍ കുപ്പായം അഴിക്കുന്നതോടെ എണ്‍പതുകളിലെ സൂപ്പര്‍ താര നിര അവസാനിക്കും.

പ്രായം വെറും അക്കം

കാല്‍പ്പന്തിനെ ചുറ്റിപ്പറ്റിയാകുമ്പോള്‍ വിജയന് പ്രായം വെറും നമ്പര്‍ മാത്രമാണ്. കാലില്‍ ഫുട്‌ബോളുണ്ടെങ്കില്‍ പ്രായം പ്രശ്‌നമല്ലെന്നാണ് വിജയന്റെ അഭിപ്രായം. വാശിയും കളിയും ജയിക്കുമ്പോഴുള്ള ത്രില്ലില്‍ വിജയന് കുറവ് വന്നിട്ടില്ല. അവസരം ഒത്തുവന്നാല്‍ ബൂട്ട് കെട്ടി പന്തിന് പിന്നാലെ ഓടും. കേരളം മുഴുവന്‍ സെവന്‍സ് കളിച്ചിട്ടുണ്ട്. തൃശൂരിലെ പ്രമുഖ ടീമുകളായ ശാസ്ത മെഡിക്കല്‍സ്, ജയ ബേക്കറി, ആലുക്കാസ്, ജംഖാന, മലപ്പുറത്തെ സൂപ്പര്‍ സ്റ്റുഡിയോ, കുരിക്കള്‍ പൈപ്പ് ലൈന്‍സ് മഞ്ചേരി, കെ ആര്‍ എസ് കോഴിക്കോട്, ഹണ്ടേഴ്‌സ് കുത്തുപ്പറമ്പ് തുടങ്ങി എത്രയോ ടീമുകള്‍ക്ക് ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. പോലീസ് കാക്കി അഴിച്ചാലും വിജയന്‍ ഈ പന്തിനെ ചുറ്റിപ്പറ്റി തന്നെയുണ്ടാകും. വിരമിച്ച ശേഷം കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങാനാണ് വിജയന്റെ പ്ലാന്‍.

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ

Latest