Kerala
സുഗന്ധഗിരി മരംമുറിക്കല്‍ കേസ്; ഡിഎഫ്ഒക്കെതിരായ നടപടി മരവിപ്പിച്ചത് നടപടിക്രമങ്ങളിലെ പാളിച്ചയെ തുടര്‍ന്നെന്ന് മന്ത്രി
സസ്‌പെന്‍ഷന്‍ നടപടി കോടതിയിലോ ട്രിബ്യൂണലിലോ ചോദ്യം ചെയ്താല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന സാധ്യതയുണ്ടെന്ന് വിലയിരുത്തതിലിലാണ് സസ്പെന്‍ഷന്‍ മരവിപ്പിച്ചത്
തിരുവനന്തപുരം | സുഗന്ധഗിരി മരംമുറിക്കല്‍ കേസില്‍ ഡിഎഫ്ഒക്കെതിരായ നടപടി മരവിപ്പിച്ചതില്‍ വിശദീകരണവുമായി വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. നടപടിക്രമങ്ങളിലെ പാളിച്ചയെ തുടര്‍ന്നാണ് ഡിഎഫ്ഒസസ്പെന്‍ഷന്‍ മരവിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിഎഫ്ഒയോട് വിശദീകരണം തേടണമെന്ന് ശിപാര്‍ശയുണ്ടായിരുന്നു. എന്നാല്‍ വിശദീകരണം തേടാതെ നടപടിയെടുത്തത് തിരിച്ചടിയാകുമെന്ന് കണ്ടാണ് മരവിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സസ്‌പെന്‍ഷന്‍ നടപടി കോടതിയിലോ ട്രിബ്യൂണലിലോ ചോദ്യം ചെയ്താല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന സാധ്യതയുണ്ടെന്ന് വിലയിരുത്തതിലിലാണ് സസ്പെന്‍ഷന്‍ മരവിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കും. എന്നാല്‍ കേസില്‍ ആരെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഡിഎഫ്~ എം ഷജ്ന കരീം, ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവരെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
വകുപ്പ് തല അന്വേഷണത്തില്‍ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. വനം കൊള്ളക്ക് വനം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു, മേല്‍നോട്ട ചുമതലകളില്‍ വീഴ്ച വരുത്തി, മരം മുറി പരിശോധന നടത്തിയില്ല, കര്‍ശന നടപടി ആദ്യം സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥര്‍ മരം മുറിക്കാരില്‍ നിന്നും പണം വാങ്ങിയെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്