Kerala
സുഗന്ധഗിരി മരംമുറി കേസ്: വനം വാച്ചറെ പ്രതിചേര്‍ക്കാന്‍ നീക്കം
സസ്‌പെന്‍ഷനിലുള്ള കല്‍പ്പറ്റ ഫോറസ്റ്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ പ്രതി ചേര്‍ക്കുന്നതും പരിഗണനയില്‍.
കല്‍പ്പറ്റ | വയനാട് സുഗന്ധഗിരി മരംമുറിക്കേസില്‍ വനം വാച്ചറെ പ്രതിചേര്‍ക്കാന്‍ തീരുമാനം. വാച്ചര്‍ ജോണ്‍സനെയാണ് പ്രതി ചേര്‍ക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. വിജിലന്‍സ് ശിപാര്‍ശക്കു പിന്നാലെയാണിത്. സസ്‌പെന്‍ഷനിലുള്ള കല്‍പ്പറ്റ ഫോറസ്റ്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ പ്രതി ചേര്‍ക്കുന്നതും വനം വകുപ്പിന്റെ പരിഗണനയിലുണ്ട്. കേസില്‍ കല്‍പറ്റ റേഞ്ചിലെ ആറ് ബി എഫ് ഒ, അഞ്ച് വാച്ചര്‍മാര്‍ എന്നിവരെ സ്ഥലം മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്.
കേസിലെ ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു ഇത്. വാര്യാട് സ്വദേശി ഇബ്‌റാഹീം, മീനങ്ങാടി സ്വദേശി അബ്ദുല്‍ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണല്‍വയല്‍ സ്വദേശി അബ്ദുന്നാസര്‍, കൈതപ്പൊയില്‍ സ്വദേശി അസ്സന്‍കുട്ടി, എരഞ്ഞിക്കല്‍ സ്വദേശി ഹനീഫ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
വീടിന് മുകളിലേക്ക് ചാഞ്ഞു നിന്നിരുന്ന 20 മരങ്ങള്‍ മുറിക്കാന്‍ കിട്ടിയ അനുമതിയുടെ മറവില്‍ കൂടുതല്‍ മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്.