pala bishop issue
പാലാ ബിഷപ്പിനെ വിമർശിച്ച ചിദംബരത്തെ തള്ളി സുധാകരന്‍
സംസ്ഥാനത്തെ കാര്യങ്ങള്‍ പറയേണ്ടത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമാണെന്നും പാലാ ബിഷപ്പ് വിഷയത്തില്‍ നേരത്തേ പറഞ്ഞ കാര്യത്തില്‍ മാറ്റമില്ലെന്നും സുധാകരന്‍ പറഞ്ഞു.
തിരുവനന്തപുരം | പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ അതിരൂക്ഷ വിമര്‍ശമുന്നയിച്ച മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ തള്ളി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ചിദംബരം പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് സുധാകരന്‍ പറഞ്ഞു.
സംസ്ഥാനത്തെ കാര്യങ്ങള്‍ പറയേണ്ടത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമാണെന്നും പാലാ ബിഷപ്പ് വിഷയത്തില്‍ നേരത്തേ പറഞ്ഞ കാര്യത്തില്‍ മാറ്റമില്ലെന്നും സുധാകരന്‍ പറഞ്ഞു. നേരത്തേ, പാലാ ബിഷപ്പിനെ കെ സുധാകരൻ സന്ദർശിച്ചിരുന്നു. വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം.
ബിഷപ്പിന്റെ നാര്‍ക്കോട്ടിക് പരാമര്‍ശം വികലമായ ചിന്തയില്‍ നിന്നുണ്ടായതാണെന്ന് ചിദംബരം വിമർശിച്ചിരുന്നു. ഒരു ഭാഗത്ത് മുസ്ലീംങ്ങളും മറുഭാഗത്ത് മറ്റുള്ളവരുമെന്ന ചിന്ത സാമുദായിക ചേരിതിരിവ് ഉണ്ടാക്കുന്നതാണ്. ബിഷപ്പിനെ തീവ്രഹിന്ദു നിലപാടുള്ളവര്‍ പിന്തുണച്ചതില്‍ അത്ഭുതമില്ല. ഇരു കൂട്ടരുടെയും ലക്ഷ്യം ഒന്നു തന്നെയാണെന്നും ചിദംബരം വ്യക്തമാക്കിയിരുന്നു. മാത്രമല്ല വിഷയം കൈകാര്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ രീതിയെ അദ്ദേഹം അഭിനന്ദിച്ചിരുന്നു. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെയും അഭിനന്ദിച്ചിട്ടുണ്ട്.