Connect with us

Kerala

സംഘടനാ തിരഞ്ഞെടുപ്പിനു മുമ്പു പാര്‍ട്ടിപിടിക്കാന്‍ സുധാകരന്‍; ഒരുമിച്ചു പൊരുതാനുറച്ച് എ, ഐ ഗ്രൂപ്പുകള്‍

Published

|

Last Updated

കോണ്‍ഗ്രസ് ദേശീയ നേതൃത്വം പാര്‍ട്ടിയില്‍ അടിമുടി സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലും കേരളത്തില്‍ പാര്‍ട്ടി പിടിക്കാന്‍ കെ സുധാകരന്‍-വി ഡി സതീശന്‍-കെ സി വേണുഗോപാല്‍ ത്രയങ്ങള്‍ നടപ്പാക്കുന്ന തന്ത്രങ്ങള്‍ക്കെതിരെ എ ഐ ഗ്രൂപ്പുകള്‍ ഒരുമിച്ചു നീങ്ങാന്‍ ധാരണയായി. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വ വിതരണം മുതല്‍ തന്നെ കാര്യങ്ങള്‍ വരുതിയിലാക്കാനാണ് ഗ്രൂപ്പുകളുടെ ഒരുമിച്ചുള്ള നീക്കം. അര്‍ധ കേഡര്‍ എന്നു പ്രഖ്യാപിച്ച് എതിര്‍ ശബ്ദങ്ങളെ ഒതുക്കി പാര്‍ട്ടി പിടിക്കാനുള്ള നീക്കം സുധാകരന്‍ നടത്തുന്നതിനാല്‍, പരസ്പരം മത്സരിക്കാതെ പുത്തന്‍ നേതൃത്വത്തെ തുരത്താനുള്ള തന്ത്രമാണ് ഗ്രൂപ്പുകള്‍ അണിയറയില്‍ മെനയുന്നത്.

പാര്‍ട്ടിയില്‍ ഗ്രൂപ്പില്ലാതാക്കുമെന്നു പുതിയ നേതൃത്വം പ്രഖ്യാപിച്ചതോടെ പഴയ ഗ്രൂപ്പുകളിലെ വിശ്വസ്തരില്‍ ചിലര്‍ മറുകണ്ടം ചാടിയിരുന്നു. കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച സംഘടനാ തിരഞ്ഞെടുപ്പില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്കു താന്‍ സ്ഥാനാര്‍ഥിയായിരിക്കും എന്നു സുധാകരന്‍ വ്യക്തമാക്കിയതോടെ ഇപ്പോള്‍ പാര്‍ട്ടിയില്‍ സംഘടനാ രംഗത്ത് നടക്കുന്ന എല്ലാ നീക്കങ്ങളേയും സംശയ ദൃഷ്ടിയോടെയാണ് ഇരു ഗ്രൂപ്പുകളും വീക്ഷിക്കുന്നത്. അടിത്തട്ടില്‍ രൂപവത്കരിച്ച യൂനിറ്റ് കമ്മിറ്റികള്‍ മുതല്‍ എല്ലാ പുനസ്സംഘടനയിലും സുധാകരന്റെ മേല്‍ക്കോയ്മ അംഗീകരിപ്പിക്കുന്ന നീക്കമാണ് നടക്കുന്നതെന്നാണ് ഗ്രൂപ്പുകള്‍ കരുതുന്നത്.

എ, ഐ ഗ്രൂപ്പുകള്‍ സുധാകരനെതിരെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഇതിനായി ജില്ലതിരിച്ച് ചുമതല നല്‍കി അംഗത്വവിതരണ ഘട്ടം മുതല്‍ കരുക്കള്‍ നീക്കും. അംഗത്വ വിതരണ പുസ്തകങ്ങള്‍ അടുത്താഴ്ചയോടെ എത്തും. ഓണ്‍ലൈനായും അംഗങ്ങളെ ചേര്‍ക്കാം. ബ്ലോക്ക് തലത്തില്‍ നിന്നാണ് കെ പി സി സി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എന്നതിനാല്‍ അതില്‍ കേന്ദ്രീകരിച്ചാകും ഇരു ഗ്രൂപ്പുകളും ചേര്‍ന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കുക. 280 കെ പി സി സി അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് രമേശ് ചെന്നിത്തലയെ പ്രസിഡന്റായി മത്സരിപ്പിക്കാനാണ് നീക്കം.

സംഘടനാ തിരഞ്ഞെടുപ്പിന് കാഹളമൊരുങ്ങുമ്പോഴേക്കും കെ സുധാകരനെതിരെ പാര്‍ട്ടിയിലെ ചേരി ശക്തമാക്കും. ഇതിനായി വിവിധ ആയുധങ്ങള്‍ പ്രയോഗിക്കും. കെ പി സി സി യോഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുന്നതടക്കം സുധാകരന്‍ പിന്‍തുടരുന്ന നടപടികളെ ശക്തമായി വിമര്‍ശിച്ചായിരിക്കും ഗ്രൂപ്പുകള്‍ കരുത്തുകാട്ടുക. ഏകാധിപത്യ ശൈലിയാണ് സുധാകരന്‍ പിന്‍തുടരുന്നത് എന്നതായിരിക്കും പ്രധാന വിമര്‍ശനം. പാര്‍ട്ടിക്കുള്ളില്‍ ആരോഗ്യകരമായ ചര്‍ച്ച പോലും അനുവദിക്കുന്നില്ല എന്നതും വിമര്‍ശകര്‍ക്ക് ജനപിന്തുണയില്ല എന്നതടക്കം സുധാകരന്‍ മുതിര്‍ന്ന നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും ആയുധമാക്കും.

പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സുധാകരന്‍ തുടരുന്ന പുനസ്സംഘടനാ നിര്‍ത്തിവക്കണമെന്ന ആവശ്യം ഗ്രൂപ്പുകള്‍ സംയുക്തമായി മുന്നോട്ട് വച്ചിരുന്നു. ബൂത്ത് തലം മുതല്‍ അംഗത്വ വിതരണം നടപ്പാക്കി പൂര്‍ണതോതിലുള്ള സംഘടനാ തിരഞ്ഞെടുപ്പിനാണു പ്രവര്‍ത്തക സമിതി തുടക്കമിട്ടത്. തിരഞ്ഞെടുപ്പ് നടപടികള്‍ എട്ടുമാസം നീളും. അഞ്ചു വര്‍ഷമായിരുന്നു തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റിയുടെ കാലാവധി. പുനസ്സംഘടനയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കട്ടെ എന്ന് പറഞ്ഞ കെ സുധാകരന്‍ പിന്നീട് നിലപാട് മാറ്റി ഹൈക്കമാന്‍ഡിന്റെ അംഗീകാരമുണ്ടെന്നും പുനസ്സംഘടനയുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചത് ആസൂത്രിത നീക്കമായാണ് ഗ്രൂപ്പുകള്‍ കാണുന്നത്.

ഇരു ഗ്രൂപ്പുകളുടേയും ശക്തമായ എതിര്‍പ്പിനെ മറകടന്നാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പുനസ്സംഘടനയുമായും യൂനിറ്റ് കമ്മിറ്റികളുടെ രൂപവത്കരണവുമായും മുന്നോട്ടുപോകാന്‍ കെ പി സി സി നിര്‍വാഹക സമിതി യോഗം തീരുമാനിച്ചത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ നാമനിര്‍ദേശത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്ന പുനസ്സംഘടന വേണ്ടെന്ന വാദം ഗ്രൂപ്പുകള്‍ ഉയര്‍ത്തിയപ്പോള്‍ കെ സുധാകരന്‍ തന്റെ പദവി ഉപയോഗിച്ച് അത്തരം ചര്‍ച്ചകള്‍ ആവശ്യമില്ലെന്നു പ്രഖ്യാപിച്ചു മുന്നോട്ടു പോവുകയായിരുന്നു. ഇപ്പോള്‍ ഭാരവാഹികളെ നാമനിര്‍ദേശം ചെയ്യുന്നത് പ്രവര്‍ത്തകരുടെ പിന്തുണയുള്ളവര്‍ സ്ഥാനങ്ങളിലേക്ക് വരുന്നതിന് തടസമാകുമെന്നായിരുന്നു ഗ്രൂപ്പ് നേതാക്കളുടെ വാദം. സംഘടനാ സംവിധാനം പലയിടത്തും ദുര്‍ബലമായതിനാല്‍ പുനസ്സംഘടന അനിവാര്യമാണെന്ന് സുധാകരന്‍ വാദിച്ചു.

കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റികള്‍ രൂപവത്കരിക്കാനുള്ള പ്രവര്‍ത്തനത്തിന് കെ പി സി സി നേതൃത്വം തുടക്കമിട്ടപ്പോള്‍ മുതല്‍ പാര്‍ട്ടി പിടിക്കാനുള്ള സുധാകരന്‍ ബ്രിഗേഡിന്റെ നീക്കമാണിതെന്ന് ഗ്രൂപ്പുകള്‍ വിലയിരുത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലെയും ഒരു പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച് ജില്ലകളിലെ ചുമതലക്കാര്‍ക്കായി ആഗസ്റ്റ് 26, 27 തീയതികളില്‍ നെയ്യാര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അതീവ രഹസ്യമായി നടത്തിയ പരിശീലനത്തിലേക്കു ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത മൂന്നു പേര്‍ സുധാകര പക്ഷത്തുള്ളവരായിരുന്നു. ഗ്രൂപ്പു നേതാക്കളൊന്നും ഇക്കാര്യങ്ങള്‍ അറിഞ്ഞതുപോലുമില്ല. മൈക്രോ യൂനിറ്റുകളുടെ പ്രവര്‍ത്തനത്തിനായി പരിശീലനം നേടിയ 2,500 കേഡര്‍മാരെ നിയോഗിക്കുമെന്ന കെ സുധാകരന്റെ പ്രഖ്യാപനത്തേയും സംശയദൃഷ്ടിയോടെയാണ് ഗ്രൂപ്പു നേതൃത്വം വിലയിരുത്തിയത്.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest