Ongoing News
സുധീരന്റെത് ഉറച്ച നിലപാട്, പിന്‍വലിപ്പിക്കുക എളുപ്പമല്ല: വി ഡി സതീശന്‍
തിരുവനന്തപുരം | കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച വി എം സുധീരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സുധീരനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. സുധീരനെ പോലുള്ള ഒരു നേതാവ് ഒരു തീരുമാനമെടുത്താല്‍ പിന്‍വലിപ്പിക്കുക എളുപ്പമല്ലെന്ന് കൂടിക്കാഴ്ചക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ സതീശന്‍ പറഞ്ഞു. ഉറച്ച നിലപാടാണ് സുധീരന്റെത്. അത് മാറ്റിയെടുക്കുക എളുപ്പമല്ല. എന്നാല്‍ താന്‍ സുധീരനെ കണ്ടത് രാജി പിന്‍വലിപ്പിക്കാനല്ലെന്നും അദ്ദേഹം പാര്‍ട്ടിക്ക് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചില കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. വീഴ്ചകള്‍ തിരുത്തും.
പാര്‍ട്ടി കാര്യങ്ങളില്‍ സുധീരന്‍ സതീശനെ അതൃപ്തി അറിയിച്ചതായാണ് സൂചന. പാര്‍ട്ടിയില്‍ മതിയായ ആലോചനകള്‍ നടക്കുന്നില്ലെന്ന് സുധീരന്‍ പറഞ്ഞു. നയപരമായ കാര്യങ്ങള്‍ രാഷ്ട്രീയകാര്യ സമിതിയോട് ചര്‍ച്ച ചെയ്യേണ്ടിയിരുന്നു. രാഷ്ട്രീയകാര്യ സമിതിയെ മറികടന്ന് നേതാക്കള്‍ പല തീരുമാനങ്ങളും ഏകപക്ഷീയമായെടുത്തു. സമിതിയെ നോക്കുകുത്തിയാക്കിയ സ്ഥിതിയാണ് നിലവിലുള്ളതെന്നും സുധീരന്‍ പറഞ്ഞു.