Connect with us

Congress Groupism

സുധീരന്റെ രാജി പുതിയ നേതൃത്വത്തിനു കനത്ത തിരിച്ചടി

കെ പി സി സി ഭാരവാഹികളുടെ പട്ടിക ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരുമ്പോഴേക്കും ഈ കൊഴിഞ്ഞുപോക്കിന്റെ വ്യാപ്തി വര്‍ധിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.

Published

|

Last Updated

കോഴിക്കോട് | മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നു രാജിവച്ചതു പുതിയ നേതൃത്വത്തിനു കനത്ത തിരിച്ചടിയായി. നേതൃനിരയില്‍ നിന്നു അടുത്തയിടെ കെ പി സി സി സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി കെ പി അനില്‍കുമാറും സെക്രട്ടറി പി എസ്  പ്രശാന്തും പാര്‍ട്ടി വിട്ട് സി പി എമ്മില്‍ ചേര്‍ന്നപ്പോള്‍ ഒറ്റപ്പെട്ട സംഭവമാണെന്നു വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. കെ സുധാകരന്റെയും വി ഡി സതീശന്റെയും ഏകാധിപത്യ പ്രവണതയോടുള്ള പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായി വരുന്ന പശ്ചാത്തലത്തിലാണു സുധീരന്റെ രാജി.  പുതിയ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍  നേതൃത്വവുമായി കലഹിക്കുന്നതിന്റെ സൂചനയാണ് സുധീരന്റെ രാജി. വരും ദിവസങ്ങളില്‍ കൂടുതൽ പേർ രാജിവെക്കുമെന്നും ചിലര്‍ സ്ഥാനം രാജിവച്ച് നിഷ്‌ക്രിയത്വത്തിലേക്കു നീങ്ങുമെന്നുമാണു സൂചന. കെ പി സി സി ഭാരവാഹികളുടെ പട്ടിക ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരുമ്പോഴേക്കും ഈ കൊഴിഞ്ഞുപോക്കിന്റെ വ്യാപ്തി വര്‍ധിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. മുകള്‍ തട്ടു മുതല്‍ താഴെ തട്ടുവരെ ഈ പ്രവണത ദൃശ്യമാകും.

ഗ്രൂപ്പുകള്‍ക്ക് അതീതമെന്നു പുറത്തു പറയുമ്പോഴും എ ഐ സി സി ജന. സെക്രട്ടറി കെ സി വേണുഗോപാലിനു താല്‍പര്യമുള്ളവര്‍ മാത്രമാണ് പുനസ്സംഘടനയില്‍ ഇടം പിടിക്കുക എന്നതാണു പുറത്തുവരുന്ന വിവരം. ഗ്രൂപ്പുകള്‍ക്ക് അതീതനായി വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിക്കാന്‍ നടന്ന ഗ്രൂപ്പു നീക്കങ്ങളുടെ ഭാഗമായി നിന്നവരാണ് ഇപ്പോള്‍ ഗ്രൂപ്പുകള്‍ക്ക് അതീതരായി പ്രത്യക്ഷപ്പെടുന്നത്. മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായി നിശ്ശബ്ദരാക്കുക എന്നതാണ് ഈ നീക്കത്തില്‍ പ്രധാനം. കെ പി സി സി പ്രസിഡന്റ് പദവിയില്‍ നിന്നു 2017ല്‍ വി എം സുധീരന്‍ രാജിവച്ചതു തന്നെ അപ്രതീക്ഷിതമായ നീക്കമായിരുന്നു. അന്നും ആരോഗ്യ പ്രശ്‌നങ്ങളായിരുന്നു അദ്ദേഹം പറഞ്ഞത്. എൻ എസ് എസ് സമ്മർദത്താൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ചേര്‍ന്നതോടെയാണ് 2014 ഫെബ്രുവരി 10ന് കെ പി സി സി പ്രസിഡന്റായി വി എം സുധീരനെ നിയമിച്ചത്. വി ഡി സതീശനായിരുന്നു വൈസ് പ്രസിഡന്റ്.  സംസ്ഥാന നേതൃത്വത്തില്‍ ഏറ്റവും അധികം നേതാക്കള്‍ പിന്തുണച്ച ജി കാര്‍ത്തികേയനെ മറികടന്നായിരുന്നു ദില്ലിയിലെ പിടിപാട് ഉപയോഗിച്ച് അന്ന് സുധീരന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് മൂന്നുവര്‍ഷവും ഒരു മാസവും മാത്രം പൂര്‍ത്തീകരിക്കാനേ അന്നു ഗ്രൂപ്പു സമ്മര്‍ദം അദ്ദേഹത്തെ അനുവദിച്ചുള്ളൂ.  സംസ്ഥാന കോണ്‍ഗ്രസിലെ രണ്ട് പ്രബല ഗ്രൂപ്പും മുന്നോട്ടുവെച്ച പേരുകള്‍ തള്ളിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സുധീരനെ പാര്‍ട്ടിയുടെ സംസ്ഥാനത്തെ ചുക്കാന്‍ ഏല്‍പ്പിച്ചത്.  ഇരുഗ്രൂപ്പും സുധീരനെ ഒഴിവാക്കാന്‍ ഒന്നിച്ചുനിന്ന് ശ്രമിച്ചപ്പോള്‍ ഹൈക്കമാന്‍ഡിന്റെ പിന്‍തുണയോടെ അധികകാലം അദ്ദേഹത്തിന് പദവിയില്‍ തുടരാനായില്ല. അദ്ദേഹത്തെ സ്ഥാനത്തുനിന്നു പുകച്ചു പുറത്തു ചാടിക്കുകയായിരുന്നുവെന്നുവെന്ന് പിന്നീട് രാജ്‌മോഹന്‍ ഉണ്ണിത്താനെ പോലുള്ള നേതാക്കള്‍ വെളിപ്പെടുത്തി.

കെ സുധാകരന്‍ പ്രസിഡന്റായ ശേഷം ഡി സി സി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ടു പരസ്യമായി എതിര്‍പ്പു പ്രകടിപ്പിക്കാന്‍ സുധീരന്‍ തയ്യാറായിരുന്നു. തുടര്‍ന്നു കെ സുധാകരന്‍ നേരില്‍കണ്ടെങ്കിലും സുധീരന്റെ പരാതി മുഖവിലക്കെടുക്കുന്ന നിലപാടായിരുന്നില്ല. ചര്‍ച്ചകള്‍ നടത്താത്തതിലെ എതിര്‍പ്പായിരുന്നു സുധീരന്‍ കെ സുധാകരനെ കാര്യമായി അറിയിച്ചത്. ഡി സി സി പ്രസിഡന്റുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ഇതൊക്കെ ആലോചിക്കേണ്ട രാഷ്ട്രീയകാര്യ സമിതി മുന്‍ കെ പി സി സി അധ്യക്ഷന്മാരെ ഉള്‍പ്പെടുത്താതെ കൂടിയെന്നുമായിരുന്നു വി എം സുധീരന്റെ പരാതി. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാകും പുനസ്സംഘടനയെന്ന് കെ സുധാകരന്‍ വി എം സുധീരനെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഗൗനിക്കാതിരുന്നതാണ് സുധീരനെ പ്രകോപിതനാക്കിയതെന്നാണു കരുതുന്നത്.

Latest