Connect with us

monson mavunkal case

മോന്‍സന്റെ തട്ടിപ്പില്‍ സി ബി ഐ അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക് കത്തയച്ച് സുധീരന്‍

സമൂഹത്തിലെ ഉന്നതരുമായി മോന്‍സനുള്ള ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുധീരന്റെ ആവശ്യം

Published

|

Last Updated

തിരുവനന്തപുരം|  പുരാവസ്തുക്കളുടെ പേരില്‍, പ്രമുഖരെ കൂട്ടുപിടിച്ച് വന്‍ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. മോന്‍സന് സമൂഹത്തിലെ ഉന്നതരുമായുള്ള ബന്ധങ്ങള്‍, പോലീസ് ബന്ധം, തട്ടിപ്പുകള്‍ ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ സി ബി ഐ അന്വഷണം ആവശ്യപ്പെട്ടത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ അടക്കം ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ നേരത്തെ രണ്ട് തവണ സി ബി ഐ അന്വേഷണം വേണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹന്നാനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

അതേ സമയം പുരാവസ്തു സാന്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ ഇന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. പുരാവസ്തുക്കളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും കടം വാങ്ങുക മാത്രമാണ് ചെയ്തതെന്നുമാണ് മോന്‍സന്റെ വാദം. ശില്‍പി സുരേഷിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണസംഘം ഇന്ന് കസ്റ്റഡി അപേക്ഷയും നല്‍കും.

അതിനിടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇതുസംബന്ധിച്ച ഉത്തരവായത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് മേല്‍നോട്ടം വഹിക്കും.