Kozhikode
റമസാനിലെ അവസാന 10 ദിവസങ്ങള്‍ ജാമിഉല്‍ ഫുതൂഹില്‍ കഴിയാനായി സുഹ്ബ ക്യാമ്പ് സംഘടിപ്പിക്കുന്നു
രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തില്‍

നോളജ് സിറ്റി | റമസാനിലെ അവസാന പത്ത് ദിവസങ്ങളില്‍ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് സുഹ്ബ ആത്മീയ സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫുതൂഹ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ റമസാന്‍ 20 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ മുഴുവന്‍ സമയവും ജാമിഉല്‍ ഫുതൂഹില്‍ ചിലവഴിക്കുന്ന തരത്തിലാണ് ക്യാമ്പ് ഒരുക്കുന്നത്. നേരത്തെ രജിസ്ട്രേഷന്‍ ചെയ്യുന്നവര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം.
ഇഅ്തികാഫ്, പ്രാര്‍ഥന, പഠനം, പരിശീലനം, ഭക്ഷണം, താമസം, ഖത്മുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ കേള്‍ക്കുന്നതിനായുള്ള മശ്ഖുല്‍ ഖുര്‍ആന്‍, പാതിരാവിലെ പ്രാര്‍ഥനാ മജ്‌ലിസുകള്‍, വിവിധ തരം ദര്‍സുകള്‍ തുടങ്ങിയവയാണ് ക്യാമ്പിന്റെ ഭാഗമായി നടക്കുക. അതോടൊപ്പം, നിത്യജീവിത സുന്നത്തുകളുടെ പരിശീലനവും ഇജാസത്തുകള്‍ നേരിട്ട് കൈപ്പറ്റാനുള്ള അവസരവും ക്യാമ്പ് അംഗങ്ങള്‍ക്ക് ലഭിക്കും.
ജാമിഉല്‍ ഫുതൂഹ് ചീഫ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഇഹിയാഉസ്സുന്ന മുദരിസ് അല്‍ഹാഫിള് അബ്ദുല്‍ മജീദ് അഹ്സനി ചെങ്ങാനി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. രജിസ്റ്റര്‍ ചെയ്യുന്ന ക്യാമ്പ് അംഗങ്ങള്‍ക്ക് ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കുന്നുണ്ട്. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി +91 7034 946 663 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.