Kerala
കല്‍പ്പറ്റ സ്‌റ്റേഷനിൽ ആദിവാസി യുവാവിന്റെ ആത്മഹത്യ: രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
പ്രതിയെ സംരക്ഷിക്കുന്നതില്‍ ജാഗ്രതക്കുറവ്

വയനാട് | കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സ്റ്റേഷനിൽ ജി ഡി ചാർജ് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ ദീപയെയും പാറാവ് നിന്ന ശ്രീജിത്തിനെയുമാണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ റെയ്ഞ്ച് ഡി ഐ ജിയാണ് രണ്ട് പോലീസുകാർക്കെതിരെ നടപടിയെടുത്തത്. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാൻ ശിപാർശ ചെയ്ത് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി റിപോർട്ട് നൽകിയിരുന്നു. പ്രതിയെ സംരക്ഷിക്കുന്നതില്‍ പോലീസിന് ജാഗ്രതക്കുറവുണ്ടായെന്ന കാരണത്താലാണ് നടപടി.
കഴിഞ്ഞ വ്യാഴാഴ്ച അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുലിനെയാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 27ന് കാണാതായ വയനാട് സ്വദേശിയായ ആദിവാസി പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് ഗോകുലിനൊപ്പം കണ്ടെത്തിയിരുന്നു. രാത്രി പതിനൊന്നരയോടെ ഇരുവരെയും കല്‍പ്പറ്റ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ തന്നെ കുടുംബത്തെ വിവരമറിയിച്ചിരുന്നെന്നും രാവിലെ എട്ടോടെ ശുചിമുറിയില്‍ ഗോകുല്‍ മരിക്കുകയായിരുന്നെന്നാണ് പോലീസ് വിശദീകരണം.
പോലീസ് പലതവണ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയെന്ന് ഗോകുലിന്റെ ബന്ധുക്കള്‍ ആത്മഹത്യക്ക് പിന്നാലെ ആരോപിച്ചിരുന്നു.