National
സുഖ്‍വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി; പ്രഖ്യാപനം അൽപസമയത്തിനകം
അദ്ദേഹത്തിന്റെ പേരിന് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകി.
ഷിംല | മുൻ പിസിസി അധ്യക്ഷൻ സുഖ്‌വിന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകും. മുകേഷ് അഗ്നിഹോത്രിയാണ് ഉപമുഖ്യമന്ത്രി. ഞായറാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ നടക്കും. സുഖ്‌വിന്ദറിന്റെ പേരാണു ഹൈക്കമാൻഡ് അംഗീകരിച്ചത്.
കഴിഞ്ഞ 40 വർഷമായി കോൺഗ്രസ് രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമാണ് സുഖ്‍വിന്ദർ സിംഗ് സുഖു. ഹൈക്കമാൻഡിലും സംഘടനയിലും അദ്ദേഹത്തിന് ആഴത്തിലുള്ള സ്വാധീനമുണ്ട്. ജനങ്ങൾക്കിടയിലും അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. മൂന്നാം തവണയും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കരുക്കൾ നീക്കിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിനെതിരെ പാർട്ടിയിൽ പലപ്പോഴും നിലപാടെടുത്ത നേതാവാണ് അദ്ദേഹം. ജനസംഖ്യയുടെ 33 ശതമാനം വരുന്ന രജ്പുത് വിഭാഗത്തിന്റെ പ്രതിനിധിയായ അദ്ദേഹത്തിന് ലോവർ ഹിമാചലിലെ സിർമൗർ, ഹമിർപൂർ, ബിലാസ്പൂർ, സോലൻ ജില്ലകളിൽ അദ്ദേഹത്തിന് നിർണായക സ്വാധീനമുണ്ട്.
പഠനകാലത്താണ് സുഖ്‍വിന്ദർ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഹമീർപൂർ ജില്ലയിലെ നദൗൻ നിവാസിയായ സുഖു നിയമത്തിൽ ബിരുദം നേടിയതിന് ശേഷമാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ചേർന്നത്. NSUI-ൽ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം സഞ്ജോളി കോളേജിലെ CR, SCA എന്നിവയുടെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം അദ്ദേഹം സഞ്ജൗലി ഗവൺമെന്റ് കോളേജിലെ എസ്‌സിഎയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 7 വർഷം അതായത് 1988 മുതൽ 1995 വരെ NSUI യുടെ സംസ്ഥാന പ്രസിഡന്റുമായിരുന്നു.
അതിനിടെ, പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്. നേതാക്കൾ താമസിക്കുന്ന ഹോട്ടലിന് പുറത്ത് ഇവർ പ്രതിഷേധിക്കുകയാണ്.