Connect with us

Travelogue

സുക്കു വാലി പച്ചപ്പണിഞ്ഞ നിശബ്ദ താഴ്വര

നാഗാലാൻഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നർ ലൈൻ പെർമിറ്റ് അഥവാ ഐ എൽ പി കൂടാതെ ഉള്ള പ്രവേശനം നിയമപരമായ കുറ്റകൃത്യവുമാണ്. നാഗാലാൻഡിലെ ദിമാപുർ ഒഴികെ മറ്റെവിടെയും ചെന്നെത്തുന്നതിനു ഐ എൽ പി നിർബന്ധമാണ്.

Published

|

Last Updated

ടക്കു കിഴക്കിന്റെ വശ്യ സൗന്ദര്യത്തെ മിഴികളിലാവാഹിച്ച മഴവില്ലഴകുള്ളൊരു താഴ്്വര… പച്ചപ്പിന്റെ പട്ടുചേലയുടുത്ത മൊട്ടക്കുന്നുകൾക്ക് ചാരെ പീതവർണം ചാർത്തിയ പുൽക്കൊടിത്തുമ്പുകളും അവയോടു കിന്നരിക്കുന്ന കൊച്ചു കാട്ടുപൂക്കളും നിറഞ്ഞ മനോഹരമായൊരു താഴ്്വര.

ഹിമകണങ്ങൾ ഭൂമിയെ തന്റെ നെഞ്ചോട് ചേർത്ത് പ്രണയം കൊണ്ട് പൊതിയുന്നതിനു സാക്ഷിയായി നേർത്ത സംഗീതം പൊഴിക്കുന്ന നിശബ്ദതയും പൂനിലാവും. പരിശുദ്ധിയും സൗന്ദര്യവും ഒരുമിച്ചു ചേരുന്ന പ്രകൃതിയുടെ പൂർണത;സുക്കു വാലി….

മേഘാലയയുടെ മായക്കാഴ്ചകളിൽ നിന്നും തിരികെ ഗുവാഹത്തിയിൽ എത്തിച്ചേർന്നത് ഡിസംബറിലായിരുന്നു. അഞ്ച് ദിവസങ്ങൾ കൊണ്ട് കണ്ടുതീർത്ത മേഘാലയൻ വിസ്മയങ്ങളായ ദൗകി നദിയും ജീവനുള്ള വേരുപാലങ്ങളും മറ്റനേകം വെള്ളച്ചാട്ടങ്ങളും എല്ലാം മനസ്സിലൂടെ ഒരു സിനിമയിലെ ഫ്രെയിം പോലെ കടന്നുപോയ്‌ക്കൊണ്ടിരുന്നു. വടക്കുകിഴക്കിന്റെ പർവത സൗന്ദര്യമായ നാഗാലാൻഡ് ആണ് അടുത്ത ലക്ഷ്യം.

നാഗാലാൻഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നർ ലൈൻ പെർമിറ്റ് അഥവാ ഐ എൽ പി കൂടാതെ ഉള്ള പ്രവേശനം നിയമപരമായ കുറ്റകൃത്യവുമാണ്. നാഗാലാൻഡിലെ ദിമാപുർ ഒഴികെ മറ്റെവിടെയും ചെന്നെത്തുന്നതിനു ഐ എൽ പി നിർബന്ധമാണ്. ഏകദേശം 12 മണിയോടെയാണ് ഞങ്ങൾ ഗുവാഹത്തിയിലുള്ള നാഗാലാൻഡ് ഹൗസിൽ എത്തുന്നത്. എവിടെയാണ് സ്ഥലം, എന്തൊക്കെ കൊണ്ട് ചെല്ലണം എന്നൊക്കെ നേരത്തെ തന്നെ രഞ്ജിത് ചേട്ടൻ പറഞ്ഞിരുന്നു. ഒരു ഐ ഡി കാർഡിന്റെ കോപ്പിയും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും പൂരിപ്പിച്ച ഐ എൽ പി അപ്ലിക്കേഷൻ ഫോമും 50 രൂപയും അടച്ചു. നാല് മണി ആയപ്പോഴേക്കും ഒരു മാസം നാഗാലാൻഡിൽ താമസിക്കാനുള്ള വിസ അഥവാ ഐ എൽ പി കൈയിൽ കിട്ടി. അതിനുശേഷം രാത്രി 11. 25 ന്റെ നാഗാലാൻഡ് എക്‌സ്പ്രസ്സിൽ നേരെ ദിമാപുർ.

രാവിലെ കൃത്യം 6. 30ന് തന്നെ ട്രെയിൻ ദിമാപുർ എത്തി. വലിയ ഒരു പട്ടണം. നാഗാലാന്റിന്റെ മറ്റു ഭാഗങ്ങളിലേക്കും മണിപ്പൂരിലേക്കും ഒക്കെ പോകുന്നവർക്കുള്ള അവസാനം റെയിൽവേ സ്റ്റേഷൻ ആണ് ദിമാപുർ. അതിനോടു ചേർന്ന് തന്നെയാണ് ബസ് ഡിപ്പോയും. കൗണ്ടറിൽ നിന്നും കൊഹിമക്കുള്ള 3 ടിക്കറ്റുമെടുത്തു. 100 രൂപയാണ് ഒരു ടിക്കറ്റിന്. ഏതാണ്ട് 70 കി. മീ. ദൂരം. മൂന്നര മണിക്കൂർ സമയമുണ്ട് കൊഹിമ വരെ. വഴിയുടെ കാര്യം അപ്പോൾ പിന്നെ പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. ബസിന്റെ നമ്പറും സീറ്റ് നമ്പറും ടിക്കറ്റിലുണ്ട്. പ്രത്യേക സമയമൊന്നുമില്ല. ആളു നിറയുമ്പോൾ വണ്ടി എടുക്കും. അത്രതന്നെ.. എട്ട് മണി ആയപ്പോഴേക്കും വണ്ടി നിറഞ്ഞു. ആളുകളേക്കാൾ അധികമുണ്ടായിരുന്നു അവരുടെ സാധനസാമഗ്രികൾ.

വണ്ടി വളരെ പതിയെ നീങ്ങിക്കൊണ്ടിരുന്നു. തലേന്ന് രാത്രിയിലെ തണുത്തുറഞ്ഞ ലോക്കൽ ട്രെയിൻ യാത്രയുടെ ക്ഷീണവും പുറത്തു നിന്നും വീശുന്ന കാറ്റിന്റെ ശീതളിമയും മയക്കത്തിന്റെ ജാലകവിരിപ്പുകൾ തുറന്നിട്ട് തന്നു. പച്ചപുതച്ച നെൽപ്പാടങ്ങളും കുന്നും മലനിരകളും പാതിയടഞ്ഞ മിഴികൾക്കപ്പുറം പിന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. നയനമനോഹരമായ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമായ ഭൂപ്രകൃതിയും ഏറെ സവിശേഷതകൾ നിറഞ്ഞതും നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചതുമായ ഗോത്രവർഗങ്ങളുമാണ് നാഗാലാൻഡിലേക്ക് മനസ്സടുക്കാനുണ്ടായ കാര്യങ്ങൾ. ഇന്ത്യൻ മംഗോളീസ് സങ്കര വംശജരായ നാഗന്മാർ ജനസംഖ്യയിൽ അധികമുള്ളതാകണം നാഗാലാൻഡിന് ആ പേര് വരാനുള്ള കാരണം.

ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനമാണ് നാഗാലാൻഡ്. എന്നിരുന്നാലും സ്വന്തം ഭാഷയായ “നാഗാമീസ്’ തന്നെയാണിവർക്ക് പ്രിയം. മൂക്ക് തുളയ്ക്കുന്ന മനുഷ്യർ എന്നർഥം വരുന്ന “നാക’ എന്ന ബർമീസ്വാക്ക് നിന്നുമാണ് നാഗാലാൻഡ് എന്ന വാക്ക് ഉണ്ടായതെന്നും പറയപ്പെടുന്നു. അയൽരാജ്യമായ മ്യാന്മറുമായി തുറന്ന അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനവും നാഗാലാൻഡ് ആണ്. പതിനാറാമതായി രൂപം കൊണ്ട സംസ്ഥാനത്തിന്റെ തലസ്ഥാനമായ കൊഹിമ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യസ്ഥാനം.

ദൂരെ മേഘക്കീറുകൾക്കിടയിലൂടെ രാവും പകലും സുഖവും ദുഃഖവും ഒന്നുമറിയാതെ യഥേഷ്ടം പാറി നടക്കുന്ന പക്ഷികളെപ്പോലെ മനസ്സും പറന്നുനടന്നു. ആകാശത്തിലെ വെള്ളിമേഘത്തേരിൽ ദിശയറിയാതെ മെല്ലെ പറക്കവേ തോളിലാരോ തട്ടിവിളിച്ചതു പോലെ… കണ്ണുതുറന്നു നോക്കിയപ്പോൾ ഒന്നു ഞെട്ടി. ആയുധധാരികളായ രണ്ട് പട്ടാളക്കാർ. മുന്പിലിരിക്കുന്ന സമീറിനോടെന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഒരാൾ എന്നെയും അരുണിനെയും നോക്കി എന്തൊക്കെയോ പറയുന്നു. ബസിലെ മറ്റു യാത്രക്കാരൊക്കെയും ഞങ്ങളെ തുറിച്ചു നോക്കുന്നുമുണ്ട്. കാര്യം മനസ്സിലാകാതെ കണ്ണുമിഴിച്ച എന്നെ നോക്കി അടുത്ത സീറ്റിലിരുന്ന ഒരു ചേച്ചിയാണ് ഹിന്ദിയിൽ പറഞ്ഞുതന്നത്.

അവർ ഐ എൽ പി ആണ് അന്വേഷിക്കുന്നതെന്നും ഒരാൾ ചെക്ക്‌പോസ്റ്റിനടുത്തുള്ള ഓഫീസിൽ ചെന്ന് ഒപ്പിട്ടു കൊടുക്കണമെന്നും. മൂന്ന് പേരുടെ ഐ എൽ പിയിലും എന്തൊക്കെയോ എഴുതി സീലും അടിച്ചു തിരിച്ചു തന്നു. 150 രൂപ കൊടുക്കണമെന്നാവശ്യപ്പെട്ടതനുസരിച്ച് അതും കൊടുത്തു തിരികെ വണ്ടിയിൽ കയറുമ്പോഴും വട്ടമുഖവും കുറുകിയ കണ്ണുകളുമുള്ള മറ്റു യാത്രക്കാരൊക്കെയും തുറിച്ചു നോക്കിക്കൊണ്ടേയിരുന്നു. കുണ്ടും കുഴികളും നിറഞ്ഞ നാഷനൽ ഹൈവേയിലൂടെ മെല്ലെ ഓടുന്ന ബസിന്റെ സൈഡിലിരിക്കുമ്പോഴും എന്തിനാണ് അവർ 150 രൂപ ചോദിച്ചതെന്നോ കൊടുത്തതെന്നോ മനസ്സിലായിരുന്നില്ല. പുറംകാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ “ജ്ജരണാ പാനി ‘എന്ന് സ്ഥലപ്പേരെഴുതിയൊരു ബോർഡ് പിന്നോട്ട് മറയുന്നത് കണ്ടു.

ഏകദേശം 11. 30 ആയപ്പോഴേക്കും കൊഹിമ എത്തിച്ചേർന്നു. ഹരിതഭംഗി പ്രതീക്ഷിച്ചുവന്ന നമുക്ക് തെറ്റി. വളരെ വിശാലമായൊരു പട്ടണം. പൊടിക്കാറ്റ് വീശുന്ന പട്ടണത്തിലെങ്ങും ആളുകളുടെ ബഹളം. റോഡിലൂടെ പായുന്ന മഞ്ഞ നിറമുള്ള ടാക്‌സികൾ. ഗ്രാമം പ്രതീക്ഷിച്ചു വന്നെത്തിപ്പെട്ടതൊരു പട്ടണത്തിൽ. കൊഹിമയിലെത്തി ഒരു ദിവസം താമസിച്ചു വാർ മെമ്മോറിയലും ചുറ്റുമുള്ള സ്ഥലങ്ങളുമൊക്കെ സന്ദർശിച്ചു തിരിച്ചു അസാമിലേക്ക് മടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. ആകെ നിരാശയായി. “വാ.. ഇനി ഭക്ഷണം കഴിച്ചിട്ട് ബാക്കി ആലോചിക്കാം’ എന്നായി അരുൺ. ഭക്ഷണ കാര്യത്തിൽ സമീറിനും എനിക്കും മറ്റൊരഭിപ്രായം ഇല്ലാത്തതുകൊണ്ട് തന്നെ “ചിങ്‌സൂങ്’ റെസ്റ്റോറന്റിലെ തീൻമേശക്കു ചുറ്റുമെത്താൻ അധികസമയം വേണ്ടി വന്നില്ല. പലതരം ചോറുകളും മത്സ്യമാംസാദികളും കൊണ്ട് നിറഞ്ഞ ചുവന്ന മെനു.

തവള വറുത്തതും കറി വെച്ചതുമൊക്കെ ലിസ്റ്റിലുണ്ട്. അവസാനം മട്ടൻ ചേർത്ത് വേവിച്ച വയലറ്റ് നിറമുള്ള ബാംബൂ റൈസും കഴിച്ചു സ്ഥലം കാലിയാക്കി. നേരെ വാർ മെമ്മോറിയലിലേക്ക്. കൊഹിമയുടെ ഹൃദയഭാഗത്ത് തന്നെയാണ് വാർ മെമ്മോറിയൽ. 1944ൽ കൊഹിമയിലെ ഗാരിസൺ കുന്നിലുള്ള കമ്മീഷണറുടെ വസതിക്കു മുന്പിൽ വെച്ചാണ് ജപ്പാൻ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുള്ള പടപ്പുറപ്പാടാരംഭിച്ചതും രക്തം ചിന്തിയതും. ബ്രിട്ടീഷുകാർക്കൊപ്പം ഇന്ത്യൻ പട്ടാളവും ചേർന്ന് ജപ്പാനെ തുരത്തിയോടിച്ചെങ്കിലും ഇന്ത്യൻ മണ്ണിൽ വാർന്നൊഴുകിയത് 2340 ധീരന്മാരുടെ രക്തമായിരുന്നു.

അവരോടുള്ള ബഹുമാനാർഥം സ്ഥാപിച്ച ശിലാസ്മാരകങ്ങളാണ് വാർ മെമ്മോറിയൽ. ഓരോ സ്മാരകങ്ങൾക്കരികെ തലയുയർത്തി പുഞ്ചിരി തൂകി നിൽക്കുന്ന പച്ചയും ചുവപ്പും കലർന്ന പലതരം പൂക്കളെ കാണാം. വിടരും മുന്പേ അടർന്നുവീണ ദളങ്ങളുടെ പുനർജനിപോലെ. ശാന്തമായ നിദ്രയിലാണവർ. ദൂരെ കാറ്റാടിമരങ്ങൾക്കിടയിലൂടെ ചൂളം വിളിച്ചെത്തുന്ന കാറ്റുപോലും അവരുടെ സുഖനിദ്രക്കു ഭംഗം വരുത്താതെ തഴുകി മറയുകയാണ് ചെയ്യുന്നത്. മെല്ലെ താഴേക്കു നടക്കുമ്പോൾ ഒരു ശിലാഫലകത്തിൽ ഇങ്ങനെ കുറിച്ചുവെച്ചിരിക്കുന്നതു കണ്ടു.

“when you go home tell them of us and say for your tomorrow we gave our today ‘ ഒരു നിമിഷം മനസ്സൊന്നു പിടഞ്ഞ പോലെ. അറിയാതൊരു നൊമ്പരം നെഞ്ചിൽ തറഞ്ഞ പോലെ. അതേ നമ്മുടെ നല്ല നാളേക്ക് വേണ്ടിയാണ് അവർക്കു പോകേണ്ടിവന്നത്. സമാധാനമായി അവർ ഉറങ്ങട്ടെ. നെഞ്ചിൽ തറച്ച വാക്കുകളിൽ നിന്നും തലയുയർത്തി ചരിഞ്ഞൊന്നു പിന്നോട്ട് നോക്കുമ്പോഴും ആ കുഞ്ഞുപൂക്കൾ എന്നെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു. ഒരു യാത്രാമൊഴി പോലെ.

sobin.chandran@gmail.com

Latest