book review
സംസ്കൃതിയുടെ സുകൃതപാതകൾ
പേര് സൂചിപ്പിക്കുന്ന പോലെ സാഹിത്യ രംഗത്തെ മികവുറ്റ കർമങ്ങളും രാഷ്ട്രീയ രംഗത്തെ ചോര തെറിച്ച നീറുന്ന വേദനകളും പുസ്തകത്തിലുടനീളം വിതറിയിരിക്കുന്നു. അറബ് സാഹിത്യത്തിലെയും മറ്റു പല നേട്ടപ്പട്ടികയിലെയും ശ്രദ്ധേയരായ വ്യക്തികളുമായുള്ള അഭിമുഖമാണ് പുസ്തകം പ്രധാനമായും ഉൾവഹിക്കുന്നത്.
അറബ് സാഹിത്യത്തിന്റെയും സംസ്കൃതിയുടെയും വളർച്ചാ വികാസങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്ന എഴുത്തുകാരനും പരിഭാഷകനും സഞ്ചാരിയുമാണ് വി മുസഫർ അഹമ്മദ്. നിരവധി പുസ്തകങ്ങൾ രചിച്ച അദ്ദേഹം വലിയ പ്രയത്നം കൊണ്ട് വെളിച്ചത്താക്കിയ കൃതിയാണ് “അറബ് സംസ്കൃതി; വാക്കുകൾ വേദനകൾ.’ പേര് സൂചിപ്പിക്കുന്ന പോലെ സാഹിത്യ രംഗത്തെ മികവുറ്റ കർമങ്ങളും രാഷ്ട്രീയ രംഗത്തെ ചോര ചിന്തിയ നീറുന്ന വേദനകളും പുസ്തകത്തിലുടനീളം വിതറിയിരിക്കുന്നു.
അറബ് സാഹിത്യത്തിലെയും മറ്റു പല നേട്ടപ്പട്ടികയിലെയും ശ്രദ്ധേയരായ വ്യക്തികളുമായുള്ള അഭിമുഖമാണ് പുസ്തകം പ്രധാനമായും ഉൾവഹിക്കുന്നത്.സാഹിത്യം സാക്ഷരതയിൽ ഒതുങ്ങുന്നതല്ല. പരമ്പരാഗത വാമൊഴിയിലൂടെ കവിതയും ചൊല്ലും കൊണ്ട് ചരിത്രം നിലനിർത്തിയ ഗോത്രസമുദായങ്ങൾ ഉണ്ടായിട്ടുണ്ട്. അറേബ്യൻ മരുഭൂമിയിലെ ബദുക്കൾ ഇതിന് മികച്ച ഉദാഹരണമാണ്.
ഗ്രാമീണ ജീവിതത്തിൽ നിന്നും നാഗരികതയിലേക്ക് കടന്നതോടെ അവരുടെ പാരമ്പര്യ ശീലുകൾക്കും ചിട്ടകൾക്കും വലിയ രീതിയിൽ രൂപാന്തരമുണ്ടായി. ആദിമ നിവാസികളായ ബദുക്കളുടെ സാംസ്കാരിക ചരിത്രത്തെ സംബന്ധിച്ചുള്ള അഭിമുഖം നരവംശ ശാസ്ത്രജ്ഞൻ, ഫോക്ക്ലോറിസ്റ്റ്, എത്നോഗ്രഫർ എന്നീ നിലകളിൽ വലിയ സംഭാവനകൾ നൽകിയ ഡോ. സഅദ് അൽ അബ്ദുല്ല അൽ സുവയാനുമായാണ് നടക്കുന്നത്. വാർത്താവിനിമയ സംവിധാനങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് മാധ്യമപ്രവർത്തനത്തിന്റെ റോൾ ബദു വാമൊഴിക്കവിതകൾ നിമിത്തം സാക്ഷാത്കരിച്ചിട്ടുണ്ടെന്നും അവക്ക് ഗോത്രത്തലവനിലേക്ക് എത്താനും അതു മൂലം അവരുടെ ആവശ്യനിർവഹണം സാധ്യമായിട്ടുണ്ടെന്നും ആധികാരികമായി അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നു.
പലസ്തീൻ കവി മഹ്മൂദ് ദർവീശുമായി അഭിമുഖം നടത്താനുള്ള ശ്രമത്തെ വിവരിക്കുന്നുണ്ട് മുസഫർ. ഒരുവേള ഫോണിൽ അവസരമൊത്തപ്പോൾ നിരസിച്ച ദർവീശ് ഇത്രമാത്രമാണ് മൊഴിഞ്ഞത്. “മരിച്ചവർ ഭൂമിയിൽ ജീവിക്കുന്നത് എങ്ങനെയെന്ന് ചോദിച്ചാൽ, അത് ഞങ്ങൾ പലസ്തീനികൾ ഈ ഭൂമിയിൽ ജീവിക്കുന്നതുപോലെയാണ്. സുഹൃത്തേ, എനിക്ക് കൂടുതൽ സംസാരിക്കാനില്ല. കവിത എഴുതിയും സംസാരിച്ചും പോരാടിയും ഞാൻ തളർന്നിരിക്കുന്നു. മറ്റൊന്നും തോന്നണ്ട, മരണവും മടുപ്പും ഞങ്ങൾക്ക് ഒരേപോലെയായിരിക്കുന്നു, നമുക്ക് സംസാരം അവസാനിപ്പിക്കാം.’ ഒരുപക്ഷെ അറബ് ലോകത്ത് വെച്ച് നടത്തിയ ഏറ്റവും പ്രധാനപ്പെട്ട അഭിമുഖം ഇതായിരുന്നു എന്ന് നിസ്സംശയം പറയാമെന്ന് മുസഫർ പുസ്തകത്തിന്റെ ആമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.
മരുഭൂമിക്കടലായ എംപ്റ്റി ക്വാർട്ടർ മുറിച്ചു കടക്കുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കിയ സിംഗപ്പൂർ സ്വദേശി ഹാജർ അലിയുമായുള്ള അഭിമുഖം ഹൃദ്യമാണ്. അവർ ഉമ്മു അൽ സമീമിലൂടെ കടന്നു പോകുന്നത് അവരുടെ വിജയത്തിന്റെ വലിപ്പം വ്യക്തമാക്കുന്നുണ്ട്. ചതിമണൽ ഉണ്ടാക്കുന്ന ഭീതി, വണ്ടിയുടെ ടയർ ഉപ്പുപാറകളിൽ പിളരാനുള്ള സാധ്യത തുടങ്ങിയ വലിയ പ്രതിസന്ധിയും ആകുലതയും വകഞ്ഞു മാറ്റിയാകണം ഈ വിജയത്തിന്റെ തേരിലേറാൻ. ഒരു സ്ത്രീയിൽ നിന്നുത്ഭവിച്ച ഈ ആത്മധൈര്യം വായനക്കാരെ പ്രചോദനത്തിന്റെ കുളിരിൽ നിർത്തും.
വിവർത്തന കലയുടെ പ്രാധാന്യത്തെ വിളിച്ചോതുന്നുണ്ട് അവസാന താളുകൾ. 60 വർഷത്തിലധികം അറബ്- ഇംഗ്ലീഷ് വിവർത്തനമേഖലയിൽ കർമോത്സുകനായ ഡെന്നിസ് ജോൺസൺ ഡേവിസിന്റെ പ്രഗത്ഭ ശേഷി നമ്മെ ആശ്ചര്യപ്പെടുത്തും. യൂറോപ്യൻ പാരമ്പര്യത്തിൽ നിന്നു വരുന്ന അദ്ദേഹത്തിന്റെ അറബി കവിതയിലെ നൈപുണ്യം ഖാലിദ് മത്താവ പങ്കുവെക്കുന്നു. ഡെന്നിസിനെ വലിയ കടപ്പാടിന്റെ മനസ്സോടെയാണ് ഓരോ എഴുത്തുകാരും വിവർത്തകരും കാണുന്നത്.
ഈ മേഖലയിലെ മറ്റൊരു പ്രധാനിയാണ് ഖാലിദ് മത്താവ. വിവർത്തനം സ്വന്തം നിലയിൽ കലയിലുള്ള ആവിഷ്കാരമാണെന്ന് പറയുന്ന മത്താവ വിവർത്തനം ഒരു പ്രശ്നമാണെന്ന നിലയിൽ കണ്ടിട്ടുള്ള വായനക്കാരൻ ഒരു കുട്ടിയുടെ ജനനം ഉടനെ മരണമാക്കുന്നവരെപ്പോലെയാണെന്ന് പ്രസ്താവിക്കുന്നു.
അറബ് ലോകത്തെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ കാര്യങ്ങളെ കേന്ദ്രീകരിക്കുന്ന പ്രസ്തുത രചന വലിയ കാഴ്ചപ്പാടുകളിലേക്ക് ആനയിക്കുമെന്നതിൽ സംശയമില്ല. ഒരു ബഹുമുഖ ആലോചനയും വിശകലനവുമാണ് തീർച്ചയായും മുസഫർ അഹമ്മദ് ഇതിലൂടെ വായനക്കാരിലെത്തിക്കുന്നത്. പ്രസാധകർ: സമത തൃശൂർ. വില: 300 രൂപ.