Connect with us

Kerala

ഹരിദ്വാറില്‍ കണ്ട സന്യാസി സുകുമാര കുറുപ്പോ? വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണവുമായി ക്രൈം ബ്രാഞ്ച്

Published

|

Last Updated

പത്തനംതിട്ട | 1984ലെ കുപ്രസിദ്ധമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാര കുറുപ്പിനെ കണ്ടതായുള്ള പത്തനംതിട്ട സ്വദേശിയുടെ വെളിപ്പെടുത്തലിനു പിന്നാലെ അന്വേഷണവുമായി ക്രൈം ബ്രാഞ്ച് സംഘം കേരളത്തിന് പുറത്തേക്ക്. ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയിലെ സതാപുരയിലും പിന്നീട് ഹരിദ്വാറിലും കണ്ട മലയാളി സന്യാസി സുകുമാരക്കുറുപ്പാണെന്ന പത്തനംതിട്ട വെട്ടിപ്രം സ്വദേശി റംസീന്‍ ഇസ്മായിലിന്റെ വെളിപ്പെടുത്തല്‍ മുഖവിലക്കെടുത്താണ് അന്വേഷണം. സുകുമാരക്കുറുപ്പ് തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ എസ് നുമാന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ എത്തി റംസീന്റെ മൊഴിയെടുത്തു. പത്തനംതിട്ട ബിവറേജസ് മദ്യവില്‍പ്പന ശാലയുടെ മാനേജറാണ് റംസീന്‍ ഇസ്്മായില്‍. തന്റെ കൈവശമുള്ള മുഴുവന്‍ തെളിവുകളും റംസീന്‍ അന്വേഷണ സംഘത്തിന് കൈമാറി. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ വച്ചായിരുന്നു തെളിവെടുപ്പ്.

ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയിലെ സദാപുരയില്‍ സൗഹൃദം സ്ഥാപിച്ച് തനിക്കൊപ്പം നടന്ന മലയാളി സന്യാസി സുകുമാരക്കുറുപ്പാണെന്നാണ് റംസീന്‍ പറയുന്നത്. ഇതോടെ അടച്ചു വച്ചിരുന്ന കുറുപ്പ് ഫയല്‍ വീണ്ടും തുറന്നിരിക്കുകയാണ്. നുമാനും സംഘവും ഉടന്‍ തന്നെ ഹരിദ്വാറിലേക്ക് തിരിക്കും. അവിടെ നിന്ന് സദാപുരയിലും അന്വേഷണം നടത്തും. 2005-07 കാലഘട്ടത്തിലാണ് സുകുമാരക്കുറുപ്പ് തനിക്കൊപ്പം ഉണ്ടായിരുന്നത് എന്നാണ് റംസീന്‍ അവകാശപ്പെടുന്നത്. നടന്ന ആ സംഭവം ഓര്‍ത്തെടുത്ത് വിശദമായി പറഞ്ഞുവെങ്കിലും തെളിവിന് ഹാജരാക്കാന്‍ താന്‍ സംശയിക്കുന്നയാളുടെ ചിത്രങ്ങളൊന്നും തന്നെ ഹാജരാക്കാന്‍ റംസീന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, അയാളുടെ ബാഗും വാച്ചുമൊക്കെ നാട്ടില്‍ കൊണ്ടുവന്ന് കുറുപ്പിന്റെ തിരോധാനം അന്വേഷിക്കുന്ന സംഘത്തിന് നല്‍കാന്‍ വേണ്ടി ആലപ്പുഴ എസ് പിക്ക് കൈമാറിയിരുന്നു.

കുറുപ്പെന്ന് കരുതുന്നയാള്‍ തനിക്കൊപ്പം താമസിക്കുമ്പോള്‍ പറഞ്ഞിരുന്ന വിവരങ്ങള്‍ വച്ച് ഇയാള്‍ ഹരിദ്വാറിലോ ഋഷികേശിലോ കാണുമെന്നാണ് റംസീന്‍ പറയുന്നത്. ഇവിടങ്ങളിലുള്ള ഏതെങ്കിലുമൊരു സിസിടിവിയിലോ മറ്റോ ഇയാളുടെ ദൃശ്യം പതിയാന്‍ സാധ്യതയുണ്ടെന്നത് മുന്‍നിര്‍ത്തി ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും ട്രാവല്‍ ബ്ലോഗുകളും ഇയാള്‍ പരിശോധിച്ച് വരികയായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് കഴിഞ്ഞ ഡിസംബറില്‍ സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്നയാളുടെ സെക്കന്‍ഡുകള്‍ മാത്രം നീളുന്ന ഒരു ദൃശ്യം കണ്ണില്‍പ്പെട്ടത്. തനിക്കൊപ്പം സദാപുരയില്‍ കഴിഞ്ഞിരുന്ന അതേ ആള്‍ ഹരിദ്വാറില്‍ കാവിജുബ്ബയും മുണ്ടും ധരിച്ചിരിക്കുന്നു. അതേ നിറത്തിലുള്ള തലപ്പാവ്. കഴുത്തില്‍ ചെറുതും വലുതുമായ രുദ്രാക്ഷ മാലകള്‍. കൈയില്‍ എപ്പോഴും കാണാറുള്ള അതേ വാക്കിങ് സ്റ്റിക്ക്. തനിക്കൊപ്പം കഴിഞ്ഞ കാലത്തും ഈ വാക്കിങ് സ്റ്റിക്ക് റംസീന്‍ ശ്രദ്ധിച്ചിരുന്നു. തനിക്കൊപ്പം കഴിഞ്ഞ സ്വാമി ശങ്കരഗിരിയാണ് അതെന്ന് മനസിലാക്കിയ റംസീന്‍ വീഡിയോ ദൃശ്യം കട്ട് ചെയ്ത് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ അന്വേഷണം.

കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ സുകുമാരക്കുറുപ്പിന് വേണ്ടി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും വിഫലമാവുകയായിരുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന വെളിപ്പെടുത്തലുമായി മുമ്പും പലരും രംഗത്തെത്തിയിട്ടുണ്ട്. 1984 ജനുവരി 21ന് മാവേലിക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റിനാണ് കേസന്വേഷണ ചുമതല.

 

---- facebook comment plugin here -----

Latest