Connect with us

National

മുസ്‍ലിം സ്ത്രീകൾക്ക് എതിരായ സുള്ളി ഡീൽസ് ആപ്പ്; പ്രതിക്ക് എതിരായ എഫ് ഐ ആറുകൾ ഒന്നിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി

കഴിഞ്ഞ ജനുവരി ഒന്നിനാണ്, ഗിറ്റ്ഹബ്ബ് പ്ലാറ്റ്‌ഫോമില്‍ ഹോസ്റ്റ് ചെയ്ത 'ബുള്ളി ബായ്' ആപ്പില്‍ നൂറിലധികം മുസ്ലീം സ്ത്രീകളെ 'ഓണ്‍ലൈന്‍ ലേല'ത്തിനായി അവതരിപ്പിച്ച സംഭവം വിവാദമായത്.

Published

|

Last Updated

ന്യൂഡൽഹി |ഓൺലെെൻ വഴി മുസ്‌ലിം വനിതകള്‍ക്കെതിരെ അധിക്ഷേപ പ്രചരണം നടത്തിയ സുള്ളി ഡീൽസ് ആപ്പ് കേസിൽ വിവിധ എഫ് ഐ ആറുകൾ ഒന്നിച്ചാക്കണമെന്ന പ്രതിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. കേസിൽ അറസ്റ്റിലായ ഓംകരേശ്വർ താക്കൂറിൻെറ ഹർജിയാണ് തള്ളിയത്. സുള്ളി ഡീൽസ് ആപ്പുകളുടെ നിർമാതാവാണ് ഓംകരേശ്വർ താക്കൂർ.

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഒന്നിലധികം എഫ്‌ ഐ ആറുകൾ ഒരുമിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താക്കൂർ സമർപ്പിച്ച റിട്ട് ഹർജി തള്ളിയത്. ഹർജിയിൽ ഡൽഹി, യുപി, മഹാരാഷ്ട്ര സർക്കാറുകൾക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

ഇരയാക്കപ്പെട്ട ഓരോ സ്ത്രീയും വെവ്വേറെ പരാതികൾ സമർപ്പിക്കാൻ കഴിയുന്ന തരത്തിൽ അക്രമത്തിനിരയായ വ്യക്തിയാണെന്ന് വാദം കേൾക്കുന്നതിനിടെ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. ഇത് ഒരേ കുറ്റകൃത്യമല്ലെന്നും കോടതി നിരീക്ഷിച്ചു. സുള്ളി ഡീൽസ്, ബുള്ളി ബായ് എന്നീ രണ്ട് വെബ്സെെറ്റുകൾ വഴിയാണ് കുറ്റകൃത്യം നടന്നത്. ഇതു രണ്ടും ഒന്നാണെന്ന് പറയാൻ കഴിയുമോ എന്നും കോടതി ചോദിച്ചു. ഒന്നിലധികം അപ്‍ലോഡുകൾ ഉള്ളതിനാൽ എല്ലാ എഫ് ഐ ആറുകളും വ്യത്യസ്തമാണെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ ജനുവരി ഒന്നിനാണ്, ഗിറ്റ്ഹബ്ബ് പ്ലാറ്റ്‌ഫോമില്‍ ഹോസ്റ്റ് ചെയ്ത ‘ബുള്ളി ബായ്’ ആപ്പില്‍ നൂറിലധികം മുസ്ലീം സ്ത്രീകളെ ‘ഓണ്‍ലൈന്‍ ലേല’ത്തിനായി അവതരിപ്പിച്ച സംഭവം വിവാദമായത്. നര്‍ത്തകിയും നടിയുമായ ശബാന ആസ്മി, ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഭാര്യ, ജെഎന്‍യു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്‌വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവര്‍ത്തക സിദ്റ, മാധ്യമപ്രവര്‍ത്തക ഖുര്‍റത്തുല്‍ഐന്‍ റെഹ്ബര്‍, ജെഎന്‍യു വിദ്യാര്‍ഥി നേതാവായിരുന്ന ഷെഹ്‌ല റഷീദ് ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് ആപ്പില്‍ പ്രത്യക്ഷപ്പെട്ടത്.

‘സുള്ളി ഓഫ് ദി ഡേ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഹിന്ദുത്വ വര്‍ഗീയവാദികള്‍ മുസ്ലീം സ്ത്രീകളെ അധിക്ഷേപിച്ച് വിളിക്കുന്ന വാക്കാണ് ‘സുള്ളി’. ഇത്തരത്തില്‍ പ്രചരിപ്പിച്ച ചിത്രങ്ങള്‍ക്കു കീഴില്‍ വര്‍ഗീയവും ലൈംഗികവുമായ കമന്റുകള്‍ വന്നുനിറഞ്ഞിരുന്നു.

തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കപ്പെടുന്നതായി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസാണ് ആദ്യം കേസെടുത്തത്. തുടർന്ന് ജനുവരിയിൽ ആപ്പിന്‍റെ നിർമ്മാതാവായ ഓംകാരേശ്വർ താക്കൂറിനെ ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്‍റെ ഐ.എഫ്.എസ്.ഒ വിഭാഗം അറസ്റ്റ് ചെയ്തു. നേരത്തെ വിഷയം ജനശ്രദ്ധ നേടിയതോടെ പൊലീസ് കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് വൈകിയിരുന്നു. മുഖ്യപ്രതി നീരജ് ബിഷ്ണോയ് ഉൾപ്പെടെ നാലു പേരെയാണ് ബുള്ളി ബായ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.