Kozhikode
സുൽതാനുൽ ഹിന്ദ് അവാർഡ് സയ്യിദ് അലി ബാഫഖി തങ്ങൾക്ക്
വെള്ളിയാഴ്ച ചെമ്മാട് വെച്ച് പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ സമ്മാനിക്കും
അജ്മീർ ശരീഫ് | അജ്മീർ ഖ്വാജാ മുഈനുദ്ദീൻ ചിശ്തി തങ്ങളുടെ നാമധേയത്തിൽ ജാമിഅ മുഈനിയ്യ അജ്മീർ ശരീഫ് നൽകുന്ന രണ്ടാമത് സുൽതാനുൽ ഹിന്ദ് അവാർഡ് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾക്ക് നൽകും. വെള്ളിയാഴ്ച ചെമ്മാട് നടക്കുന്ന അജ്മീർ ഉറൂസിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ സമ്മാനിക്കും.
സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡൻ്റ്, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡൻ്റ്, സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡൻ്റ്, മർകസുസ്സഖാഫതിസ്സുന്നിയ്യ പ്രസിഡൻ്റ്, ജാമിഅ മുഈനിയ്യ പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ സയ്യിദ് അവർകൾ നടത്തുന്ന സ്തുത്യർഹമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.
സയ്യിദ് അഹ്മദ് ബാഫഖി- സയ്യിദത്ത് നഫീസ ബീവി ദമ്പതികളുടെ മകനായി 1938ൽ ജനിച്ചു. മദ്രസാ പഠനത്തിനു ശേഷം തളിപ്പറമ്പ ഖുവ്വതുൽ ഇസ്‌ലാമിൽ ദർസ് പഠനം ആരംഭിച്ചു. പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്ത് എന്നിവിടങ്ങളിൽ പഠനം നടത്തി.പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് 1967ൽ ഫൈസി ബിരുദം നേടി. ശംസുൽ ഉലമ ഇ കെ അബൂബകർ മുസ്‌ലിയാർ, കോട്ടുമല അബൂബകർ മുസ്‌ലിയാർ, കൊയിലാണ്ടി ഖാസി കുഞ്ഞഹമ്മദ് മുസ്‌ലിയാർ, ഹാഫിള് മുഹമ്മദ് മുസ്‌ലിയാർ ബേപ്പൂർ എന്നിവർ പ്രധാന ഉസ്താദുമാരാണ്.
ശിറിയ അലിക്കുഞ്ഞി മുസ്‌ലിയാർ, പാണക്കാട് സയ്യിദ് ഹുസൈൻ ശിഹാബ് തങ്ങൾ, വലിയുല്ലാഹ് സി എം അബൂബകർ മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ എന്നിവർ സഹപാഠികളാണ്. സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുടെ മകൾ മർഹൂമ സയ്യിദത് ശരീഫാ ഉമ്മുഖുൽസുവാണ് ഭാര്യ.
സയ്യിദ് ഇബ്റാഹീം അലി ബാഫഖി, സയ്യിദ് ഹുസൈൻ അലി ബാഫഖി, സയ്യിദ് ഉസ്മാൻ അലി ബാഫഖി, സയ്യിദ് ഇസ്മാഈൽ അലി ബാഫഖി, സയ്യിദ് ഉമർ അലി ബാഫഖി, സയ്യിദ് സൈൻ അലി ബാഫഖി, സയ്യിദ് അബ്ദുർറഹ്മാൻ അലി ബാഫഖി, സയ്യിദത്ത് റുഖിയ്യ ബീവി, സയ്യിദ് ഹാഷിം അലി ബാഫഖി എന്നിവർ മക്കളാണ്. പാണക്കാട് സയ്യിദ് നസീർ ശിഹാബ് തങ്ങൾ മരുമകനാണ്.
---- facebook comment plugin here -----