xmas
സുനാമിയുടെ ഓര്‍മകള്‍ തലപൊക്കിയ ക്രിസ്മസ് ദിനം; തീരത്ത് ഇത്തവണയും മരണം
ക്രിസ്മസ് ആഘോഷിക്കാനെത്തിയ മൂന്ന് പേരെയാണ് പുത്തന്‍ തോപ്പിലും അഞ്ചു തെങ്ങിലുമായി കാണാതായത്.
തിരുവനന്തപുരം | ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ കടലില്‍ കാണാതായപ്പോള്‍ പുത്തന്‍ തോപ്പിലും അഞ്ചു തെങ്ങിലും ഉയരുന്ന നിലവിളികളില്‍, 18 വര്‍ഷം മുമ്പ് തീരത്ത് ഉയര്‍ന്ന അതേ വിലാപങ്ങളുടെ അലകള്‍.
2004 ഡിസംബര്‍ 26 ക്രിസ്മസ് പിറ്റേന്നായിരുന്നു ലോകത്തെ പിടിച്ചു കുലുക്കിയ സുനാമിയുടെ അലകള്‍ കേരള തീരത്തും മരണം വിതച്ചത്.
കടല്‍ത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയ മൂന്ന് പേരെയാണ് പുത്തന്‍ തോപ്പിലും അഞ്ചു തെങ്ങിലുമായി കാണാതായത്. ഒരാള്‍ മരിച്ചു. പുത്തന്‍തോപ്പില്‍ രണ്ട് പേരെ കാണാതായപ്പോള്‍ അഞ്ച് തെങ്ങില്‍ ഒരാളെയാണ് കാണാതായത്. തുമ്പയിലാണ് ഒരാള്‍ കടലില്‍ മുങ്ങി മരിച്ചത്. തിരുവനന്തപുരം പുത്തന്‍ തോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന്‍ സാജിദ് എന്നിവരെയാണ് കാണാതായത്. ഇവരുടെ കൂടെ കടലില്‍ പോയ മറ്റൊരാളെ രക്ഷപ്പെടുത്തി. വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടകാരണമായി മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്.
രാത്രി വരെ കോസ്റ്റ് ഗാര്‍ഡും മല്‍സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. മാമ്പള്ളി സ്വദേശി സാജന്‍ ആന്റണി (34) യെയാണ് അഞ്ചുതെങ്ങില്‍ കാണാതായത്. ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും. ഉച്ചയ്ക്ക് തുമ്പയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായിരുന്നു. ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ (38) ആണ് മരിച്ചത്.
ഫ്രാങ്കോയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കടലില്‍ ഇറങ്ങിയ സ്ത്രീയെ ഒഴുക്കില്‍പ്പെട്ടു പിന്നീട് കോസ്റ്റല്‍ വാര്‍ഡന്‍മാര്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ മല്‍സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും രാവിലെ വീണ്ടും തുടങ്ങും. മുതലപ്പൊഴിയില്‍ കടലില്‍ വീണ ഒരു സ്ത്രീയ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയിരുന്നു.
കേരള തീരത്ത് സുനാമി വിനാശം വിതച്ചിട്ട് 18 വര്‍ഷം പിന്നിടുന്ന ഘട്ടത്തിലാണ് മറ്റൊരു ക്രിസ്മസ് ആഘോഷത്തിനിടെ തീരദേശത്ത് കണ്ണീര്‍ പടര്‍ന്നത്. ലോകമാകെ 3 ലക്ഷത്തിലധികം മനുഷ്യജീവനുകള്‍ കവര്‍ന്ന മഹാ ദുരന്തം അന്നു കേരളത്തിലും ദുരന്തം വിതച്ചു.
236 പേരാണ് സുനാമി തിരമാലയില്‍ കേരളത്തില്‍ മരിച്ചത്.
2004 ഡിസംബര്‍ 26നു ക്രിസ്മസ് പിറ്റേന്നായിരുന്നു അന്നു കടല്‍ കലിപൂണ്ടത്. ഇന്‍ഡോനേഷ്യയിലെ സുമാത്രയില്‍ രൂപം കൊണ്ട ഭൂകമ്പം ലോകമാകെ വന്‍ മനുഷ്യക്കുരുതിയുണ്ടാക്കി. കേരളത്തില്‍ മരിച്ചവരില്‍ ഏറിയപങ്കും കൊല്ലം ജില്ലയിലെ അഴീക്കലിലായിരുന്നു. 143 പേര്‍ ഇവിടെ മാത്രം മരിച്ചു. അഴീക്കലിലെ എട്ടു കിലോമീറ്റര്‍ തീരം പൂര്‍ണമായി കടലെടുത്തു.ആയിരങ്ങളാണ് മരണ മുഖത്തു നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. കൊല്ലത്തിനു പുറമെ അഴീക്കലിലും അന്നു സുനാമിയുടെ രൂക്ഷമായ ആഘാതമുണ്ടായി.
രാജ്യത്ത് കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നീ തെക്കന്‍ തീരങ്ങളിലും സുനാമി രൂക്ഷമായ ആഘാതമാണുണ്ടാക്കിയത്.