Kerala
വേനൽചൂട് ഉയരും; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
ഉഷ്ണ തരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് താലൂക്ക് ആശുപത്രികളില്‍ ചികിത്സാ സൗകര്യം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം | സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.മുന്‍കുതലിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തനങ്ങളും നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂര്‍വ ശുചീകരണം, ആരോഗ്യ ജാഗ്രത- പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് നിര്‍ദേശം.പൊതുസ്ഥലങ്ങളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തും.ഇതിനായി വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കും. തണ്ണീര്‍ പന്തലുകള്‍ വ്യാപകമാക്കണം.ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളികള്‍, ഹോട്ടലുകളുടെ മുന്നില്‍ സെക്യൂരിറ്റിയായി നില്‍ക്കുന്നവര്‍ എന്നിവര്‍ക്കും വിശ്രമകേന്ദ്രങ്ങളും ശുദ്ധമായ കുടിവെള്ളവും ഉറപ്പുവരുത്തണം.ടൂറിസ്റ്റുകള്‍ക്കിടയില്‍ ഉഷ്ണതരംഗ ജാഗ്രതാനിര്‍ദേശങ്ങള്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക പാദരക്ഷകള്‍ ഉപയോഗിക്കുക, പഴങ്ങള്‍ പച്ചക്കറികള്‍, ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
ഉഷ്ണ തരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് താലൂക്ക് ആശുപത്രികളില്‍ ചികിത്സാ സൗകര്യം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജലസംഭംരണികള്‍ ശുചീകരിച്ചും പരമാവധി വേനല്‍ മഴയിലൂടെയുള്ള ജലം സംഭരിച്ചും നിലവിലെ പ്രതിസന്ധികളെ ഇല്ലാതാക്കണമെന്നും മുഖ്യമന്ത്രി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.