Connect with us

hot summer in kerala

വേനല്‍ കനക്കുന്നു; നാല് ജില്ലകളില്‍ ഇന്നു താപനില ഉയരും

കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വേനല്‍ കനക്കുന്നതിനിടെ നാലു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ചൂട് ഉയരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കണ്ണൂര്‍ ജില്ലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമാവുക. 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. കോട്ടയം ജില്ലയില്‍ 37 ഡിഗ്രി സെല്‍ഷ്യസും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരും. സാധാരണ താപനിലയില്‍ നിന്ന് നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അതിനാല്‍ പൊതുജനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം, ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും പരിപാടികളും ഒഴിവാക്കണം. കുട്ടികളെ വിനോദയാത്രക്കു കൊണ്ടുപോകുന്ന സ്‌കൂളുകള്‍ പകല്‍ 11 മുതല്‍ മൂന്നു വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ദാഹമില്ലെങ്കിലും പരമാവധി വെള്ളം കുടിക്കണം. മദ്യം, ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കണം, അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രം ധരിക്കണം, ചെരിപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം. കുടയോ തൊപ്പിയോ പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കുക, ഒ ആര്‍ എസ് ലയനി, സംഭാരം തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കണം.