Editors Pick
വേനലെത്തി; രോഗങ്ങളെ ശ്രദ്ധിക്കണം
താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം പ്രധാനമാണ്.

കേരളം വേനലിലേക്ക് കടക്കുകയാണ്. ഇപ്പോഴേ ചൂട് കൂടിത്തുടങ്ങി. അടുത്ത മാസങ്ങളിൽ താപനില ഇനിയും ഉയരും. അതോടെ കടുത്ത ചൂടാകും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിപ്പ് നൽകിത്തുടങ്ങി. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചൂട് പലവിധ രോഗങ്ങൾക്കും ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കും. സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി പലതും വേനൽക്കാലത്തെ മാത്രം ചില അവസ്ഥകളാണ്. പകൽ നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടുമ്പോൾ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.
ഈ രോഗങ്ങൾ വർധിക്കും
ചൂട് കുരു, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടുന്നു. ചൂട് കുരു കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ചൂട് കുരു ഉണ്ടായാല്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.
പ്രതിരോധമാണ് മാർഗം
വേനൽക്കാല രോഗങ്ങളെ തടയാൻ പ്രതിരോധം തന്നെയാണ് മാർഗം. വെയിലത്ത് ഇറങ്ങുമ്പോഴെല്ലാം ശ്രദ്ധ വേണം. തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. വളരെ ഉയര്‍ന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാല്‍ ശ്രദ്ധിക്കണം. ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം.
ഇവ ശ്രദ്ധിക്കുക
1) രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതല്‍ നേരം വെയിലേല്‍ക്കരുത്.
2) അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
3) പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
4) ദാഹമില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക.
5) യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുക.
6) തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
7) കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നല്‍കുക.
8) വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഡയറ്റിൽ ഉള്‍പ്പെടുത്തുക.
9) കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്.
10) ചൂടിന്‍റെ കാഠിന്യം കുറയ്ക്കാന്‍ പകല്‍ സമയത്ത് വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക.
11) വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന പാനീയങ്ങള്‍ മാത്രം ഉപയോഗിക്കുക.