Uae
ദുബൈയിൽ വേനൽ കടുത്തു; സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം കുറക്കും
"നമ്മുടെ അയവുള്ള വേനൽ' പദ്ധതിയുടെ ഭാഗമായി ദുബൈയിൽ 15 സർക്കാർ സ്ഥാപനങ്ങളിൽ ആഗസ്റ്റ് 12 മുതൽ സെപ്തംബർ 30 വരെ ജോലി സമയം ഏഴായി കുറക്കും.
ദുബൈ | വേനൽ കടുത്തതിനാൽ ദുബൈയിൽ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം പരീക്ഷണാടിസ്ഥാനത്തിൽ കുറക്കാൻ തീരുമാനം. ദുബൈ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് (ഡി ജി എച്ച് ആർ) ആണ് തീരുമാനം കൈക്കൊണ്ടത്. വെള്ളിയാഴ്ചകളിലെ ജോലിയും താത്കാലികമായി നിർത്തിവെക്കും.
“നമ്മുടെ അയവുള്ള വേനൽ’ പദ്ധതിയുടെ ഭാഗമായി ദുബൈയിൽ 15 സർക്കാർ സ്ഥാപനങ്ങളിൽ ആഗസ്റ്റ് 12 മുതൽ സെപ്തംബർ 30 വരെ ജോലി സമയം ഏഴായി കുറക്കും. മിക്ക സർക്കാർ ജീവനക്കാർക്കും രണ്ടര ദിവസത്തെ വാരാന്ത്യം (വെള്ളിയാഴ്ച അർധ ദിവസം, ശനി, ഞായറാഴ്ച) ലഭിക്കുന്നത് മൂന്നാക്കും. ഈ സംരംഭത്തിലൂടെ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് നീണ്ട വാരാന്ത്യം ആസ്വദിക്കാനാകും.
ജീവനക്കാരിലും മൊത്തത്തിലുള്ള ഉത്പാദനക്ഷമതയിലും ഈ സംരംഭത്തിന്റെ സ്വാധീനം അധികൃതർ കണക്കാക്കും. യു എ ഇയിലും ലോകമെമ്പാടുമുള്ള പഠനങ്ങൾ കുറഞ്ഞ ജോലി സമയം ഉത്പാദനക്ഷമത വർധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ഷാർജയിൽ മൂന്ന് ദിവസത്തെ വാരാന്ത്യമുണ്ട്. ആഴ്ചയിൽ ഉത്പാദന ക്ഷമതയിൽ 88 ശതമാനം വർധനയുണ്ട്. തൊഴിൽ സംതൃപ്തിയിൽ 90 ശതമാനം വർധനയും രേഖപ്പെടുത്തി. ഈ നീക്കം ഉപഭോക്താക്കളെ കൂടുതൽ സന്തോഷിപ്പിച്ചു. സേവന സംതൃപ്തി നിരക്ക് 94 ശതമാനമായി.
സംരംഭത്തിന്റെ ഫലങ്ങൾ, ശുപാർശകൾ, വിവിധ സർക്കാർ സ്ഥാപനങ്ങളുമായി പൊരുത്തപ്പെടൽ എന്നിവ സംഗ്രഹിക്കുന്ന റിപ്പോർട്ട് പതിവായി വിലയിരുത്തുമെന്നും ഡി ജി എച്ച് ആർ പറഞ്ഞു.
ദുബൈയുടെ മത്സരശേഷി ഉയർത്തുന്നതിന് സ്മാർട്ട് പരിഹാരങ്ങളും നൂതന നയങ്ങളും വികസിപ്പിച്ച് മനുഷ്യവിഭവശേഷിയെ ശാക്തീകരിക്കുന്നതിനുള്ള കാഴ്ചപ്പാട് കൂടി വിലയിരുത്തുമെന്നു ഡി ജി എച്ച് ആർ ഡയറക്ടർ ജനറൽ അബ്ദുല്ല അലി ബിൻ സായിദ് അൽ ഫലാസി പറഞ്ഞു.