Kerala
വേനല്‍ മഴ കുറഞ്ഞു: താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും
പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം | വേനല്‍മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് കനക്കുന്നു. ആറു ജില്ലകളില്‍ താപനില നാലു ഡിഗ്രി വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയത്.
ഇന്നലെ ഇടുക്കി, പാലക്കാട് ജില്ലകളിലെ ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകളില്‍ 40 ഡിഗ്രിക്കു മുകളില്‍ താപനില രേഖപ്പെടുത്തി. പാലക്കാട് ജില്ലയിലെ ഏഴു സ്റ്റേഷനുകളിലും ഇടുക്കിയിലെ ഒരു സ്റ്റേഷനിലുമാണ് ഈ താപനില രേഖപ്പടുത്തിയത്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം 40.3, മലമ്പുഴ ഡാം 40.7, എരിമയൂര്‍ 43.5, മംഗലം ഡാം 41.1, പോത്തുണ്ടി ഡാം 40.7, കൊല്ലങ്ങോട് 40.6, പാലക്കാട് വണ്ണമട 40.1 എന്നിങ്ങനെയും ഇടുക്കിയിലെ തൊടുപുഴയില്‍ 41 ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയത്. ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.