Kerala
കൊടും ചൂടിൽ പ്രതീക്ഷയായി വേനൽ മഴയെത്തും
ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു

തിരുവനന്തപുരം | വേനൽ ചൂട് കനക്കുന്നതിനിടെ ആശ്വാസമായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വേനൽ മഴ പ്രവചനം. ഞായറാഴ്ച രാത്രി മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. മഴയെത്തുന്നതോടെ കടുത്ത വേനൽ ചൂടിന് ശമനമായേക്കും.
പ്രധാനമായും മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമാണ് ഒറ്റപ്പെട്ട മഴ മുന്നറിയിപ്പുള്ളത്. തുടർന്ന് അടുത്ത ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലെ എരിമയൂർ മേഖലയിലാണ്. 41.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയത്.
അതേസമയം, ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ചൂട് കഠിനമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് ചൂടാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും സൂര്യാതപ സാധ്യതക്കുള്ള മുന്നറിയിപ്പ് നൽകിയിരുന്നു.