Connect with us

Kerala

വേനല്‍ക്കാല സമയപ്പട്ടിക; കൊച്ചിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍, പ്രതിവാരം 1,484 സര്‍വീസുകള്‍

രാജ്യാന്തര സെക്ടറില്‍ ഏറ്റവും അധികം സര്‍വീസുള്ളത് അബൂദബിയിലേക്കാണ്. 51 പ്രതിവാര സര്‍വീസുകളാണ് ഇവിടേക്കുള്ളത്.

Published

|

Last Updated

നെടുമ്പാശ്ശേരി | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വേനല്‍ക്കാല വിമാന സര്‍വീസ് സമയവിവരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. 2023 മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് ഈ സര്‍വീസുകളുടെ പ്രാബല്യം. ഇപ്പോള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ശീതകാല പട്ടികയില്‍ ആകെ 1,202 സര്‍വീസുകളാണുള്ളത്. പുതിയ വേനല്‍ക്കാല പട്ടികയില്‍ 1,484 പ്രതിവാര സര്‍വീസുകളുണ്ട്.

രാജ്യാന്തര സെക്ടറില്‍ 23ഉം ആഭ്യന്തര സെക്ടറില്‍ എട്ടും എയര്‍ലൈനുകളാണ് സിയാലില്‍ സര്‍വീസ് നടത്തുന്നത്. 332 രാജ്യാന്തര സര്‍വീസുകളും 410 ആഭ്യന്തര സര്‍വീസുകളുമാണ് പ്രഖ്യാപിക്കപ്പെട്ട വേനല്‍ക്കാല പട്ടികയിലുള്ളത്. രാജ്യാന്തര സെക്ടറില്‍ ഏറ്റവും അധികം സര്‍വീസുള്ളത് അബൂദബിയിലേക്കാണ്. 51 പ്രതിവാര സര്‍വീസുകളാണ് ഇവിടേക്കുള്ളത്. ദുബൈയിലേക്ക് 45 സര്‍വീസുകളാണ് കൊച്ചിയില്‍ നിന്നുള്ളത്.

ഇന്‍ഡിഗോ-63, എയര്‍ ഇന്ത്യ എക്‌സ്പ്രസ്- 44, സ്പൈസ്ജെറ്റ്- 21, എയര്‍ അറേബ്യ അബൂദബി- 20, എയര്‍ ഏഷ്യ ബര്‍ഹാദ്- 18, എയര്‍ അറേബ്യ- 14, എമിറേറ്റ്‌സ് എയര്‍- 14, എത്തിഹാദ് എയര്‍ -14 , ഒമാന്‍ എയര്‍- 14, സഊദി അറേബ്യന്‍- 14, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്- 14 എന്നിവയാണ് രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്ന പ്രമുഖ വിമാന കമ്പനികള്‍.

എയര്‍ അറേബ്യ അബൂദബിയിലേക്ക് ആഴ്ചയില്‍ പത്തിലധികം സര്‍വീസുകളും, എയര്‍ ഏഷ്യ ബര്‍ഹാദ് കോലാലംപൂരിലേക്ക് പ്രതിദിനം ശരാശരി അഞ്ച് സര്‍വീസുകളും അധികമായി ആരംഭിക്കും. സ്പൈസ് ജെറ്റ് മാലിയിലേക്കും റിയാദിലേക്കും, ഇന്‍ഡിഗോ ദമാമിലേക്കും ബഹ്റൈനിലേക്കും പ്രതിദിന അധിക വിമാന സര്‍വീസുകള്‍ നടത്തും. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചി-റാസ്അല്‍ഖൈമ പ്രതിദിന വിമാന സര്‍വീസ്, കൊച്ചിയില്‍ നിന്ന് പുതിയ രാജ്യാന്തര സെക്ടറിന് വഴി തെളിക്കും. എയര്‍ ഇന്ത്യ-യു കെ വിമാന സര്‍വീസ് ഹീത്രൂവിന് പകരം ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് മാറ്റിയിട്ടുണ്ട്.

ആഭ്യന്തര പ്രതിവാര വിമാന സര്‍വീസുകളില്‍ ബെംഗളൂരുവിലേക്ക് 131, മുംബൈയിലേക്ക് 73, ഡല്‍ഹിയിലേക്ക് 64, ഹൈദരാബാദിലേക്ക് 55, ചെന്നൈയിലേക്ക് 35, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂര്‍, കൊല്‍ക്കത്ത, പൂനെ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏഴ് സര്‍വീസുകള്‍ വീതവും ഉണ്ടായിരിക്കും. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നിവ മുംബൈയിലേക്കും ഗോ ഫസ്റ്റ്, ഇന്‍ഡിഗോ എന്നിവ ഹൈദരാബാദിലേക്കും ഇന്‍ഡിഗോ ആകാശ് എയര്‍ എന്നിവ ബെംഗളൂരുവിലേക്കും പ്രതിദിന അധിക വിമാന സര്‍വീസുകള്‍ ആരംഭിക്കും.

ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ന് ഇന്ത്യ. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളം എന്ന നിലയില്‍, ഇന്ത്യന്‍ വ്യോമയാന മേഖലയിലെ വികസനങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ക്കായി സിയാല്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഐ എ എസ് പറഞ്ഞു.

 

---- facebook comment plugin here -----

Latest