Kerala
വേനലവധി; പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന
വിസിറ്റ് വിസയില്‍ ഗള്‍ഫിലേക്ക് പോകുന്ന കുടുംബങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് മുന്നില്‍ കണ്ട് തന്നെയാണ് ടിക്കറ്റ് നിരക്കിലെ ഈ കുതിപ്പ്.
മലപ്പുറം | കേരളത്തിലെ വിദ്യാലയങ്ങളിലെ വേനലവധി മുന്നില്‍ കണ്ട് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന. ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തില്‍ വേനല്‍ അവധിക്കാലമായതിനാല്‍ കുടുംബങ്ങളെ വിസിറ്റ് വിസയില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകുന്ന പ്രവാസികള്‍ക്കാണ് ടിക്കറ്റ് നിരക്ക് ഇരുട്ടടിയായിരിക്കുന്നത്.
വിസിറ്റ് വിസയില്‍ ഗള്‍ഫിലേക്ക് പോകുന്ന കുടുംബങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് മുന്നില്‍ കണ്ട് തന്നെയാണ് ടിക്കറ്റ് നിരക്കിലെ ഈ കുതിപ്പ്. യു എ യിലേക്കാണ് ടിക്കറ്റ് നിരക്ക് റോക്കറ്റ് പോലെ കുതിക്കുന്നത്. മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യത്തിലും കേരളത്തില്‍ നിന്ന് യു എ ഇയിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 30,000 രൂപക്ക് മുകളിലാണ്. യു എ ഇയില്‍ വിസിറ്റ് വിസക്ക് എത്തിയവര്‍ക്ക് വിസ പുതുക്കണമെങ്കില്‍ യു എ ഇക്ക് പുറത്തുപോയി തിരികെ വരണം എന്ന നിബന്ധന പ്രാബല്യത്തിലുള്ളതിനാല്‍ പലരും വിസിറ്റ് വിസ പുതുക്കാന്‍ നാട്ടിലേക്ക് തിരിക്കുകയാണ്. ഇതും തിരക്ക് വര്‍ധിക്കാന്‍ കാരണമാണ്.
ഏപ്രില്‍ ഒന്നിന് കോഴിക്കോട്ടു നിന്ന് ദുബൈയിലേക്ക് 28,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നും 30,000 രൂപക്ക് മുകളില്‍ വരും. യു എ യില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റിനെക്കാളും ഇരട്ടി വര്‍ധനയാണ് നിലവിലുള്ളത്.
ഉദാഹരണത്തിന് ബഹ്‌റൈനില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കോഴിക്കോട്ടേക്ക് നിലവില്‍ 15,000 രൂപയാണ് ടിക്കറ്റ്. എന്നാല്‍ കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് 35,200 രൂപയാണ് ടിക്കറ്റ് നിരക്ക്. മൂന്നും നാലും അംഗങ്ങളുള്ള കുടുംബത്തിന് ഇത് വലിയ ബാധ്യതയാണ് വരുത്തിവെക്കുക. അവധിക്ക് നാട്ടില്‍ എത്തി തിരിച്ചുപോകുന്ന പ്രവാസികളെയും ജോലി അന്വേഷിച്ചു പോവുന്നവരെയും ഉയര്‍ന്ന നിരക്ക് കാര്യമായി ബാധിക്കും. ഏപ്രില്‍ ആദ്യത്തില്‍ കോഴിക്കോടു നിന്നും ദുബൈയിലേക്കും ഷാര്‍ജയിലേക്കും അല്‍ഐനിലേക്കുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിവിധ സര്‍വീസുകളില്‍ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിഞ്ഞതായാണ് കാണിക്കുന്നത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കോഴിക്കോടു നിന്നും ദുബൈയിലേക്കും ഷാര്‍ജയിലേക്കും ദിവസവും രണ്ടുവീതം സര്‍വീസുണ്ട്. അതേസമയം, കേരളത്തിനു പുറത്തുള്ള പ്രധാന എയര്‍പോര്‍ട്ടുകളായ ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി വിമാനത്താവളങ്ങളില്‍നിന്നും യു എ ഇയിലെ വിവിധ വിമാനാത്താവളങ്ങളിലേക്ക് 11,500 രൂപ മുതല്‍ ടിക്കറ്റ് ലഭ്യമാണ്. വിമാന ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സാഹചര്യത്തില്‍ തിരക്കുള്ള സമയങ്ങളില്‍ താത്ക്കാലിക സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ഗള്‍ഫ് മലയാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കളത്തിങ്ങല്‍ പാറ ആവശ്യപ്പെട്ടു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിരക്ക്
അബൂദബി – കോഴിക്കോട് 18,500
കോഴിക്കോട് -അബൂദബി 32,000
ബഹ്‌റൈന്‍ – കോഴിക്കോട് 15,000
കോഴിക്കോട് – ബഹ്‌റൈന്‍ 35,200
കൊച്ചി – ദുബായ് 33,700
ദുബായ് – കൊച്ചി 12,600
കൊച്ചി – ദോഹ 42,200
ദോഹ – കൊച്ചി 17,900
കണ്ണൂര്‍ – ജിദ്ദ 51,000
ജിദ്ദ – കണ്ണൂര്‍ 29,000
കണ്ണൂര്‍ – ഷാര്‍ജ 34,000
ഷാര്‍ജ – കണ്ണൂര്‍ 12,400
തിരുവനന്തപുരം – ദമാം 45,000
ദമാം – തിരുവനന്തപുരം 22,800
തിരുവനന്തപുരം – ദുബായ് 32,900
ദുബായ് – തിരുവനന്തപുരം 20,000