Connect with us

SUNDAY LOCKDOWN

ഞായറാഴ്ച ലോക്ക്ഡൗൺ: നിയന്ത്രണം പൂർണം; ജനം വീട്ടിലിരുന്നു

452 പേർക്കെതിരെ കേസ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നലെ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പൂർണം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ സർവീസ് മാത്രം അനുവദിച്ച് ഏർപ്പെടുത്തിയ വാരാന്ത നിയന്ത്രണത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കി ഭൂരിപക്ഷം ജനങ്ങളും വീട്ടിലിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ പകർച്ചവ്യാധിക്കെതിരെ സമൂഹം ജാഗരൂകരാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ലോക്ക്ഡൗൺ. രാഷ്ട്രീയ പാർട്ടികൾ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ മാറ്റിവെച്ചിരുന്നു.

രാവിലെ തന്നെ പോലീസ് നിരത്തുകളുടെ നിയന്ത്രണം ഏറ്റെടുത്തു. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും എസ് എച്ച് ഒമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ പട്രോളിംഗ് നടത്തി. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ടാക്‌സി വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറന്നെങ്കിലും തിരക്ക് കുറവായിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് പോലീസും സെക്ടറൽ മജിസ്‌ട്രേറ്റുമാരും പരിശോധിച്ച് വീഴ്ച വരുത്തിയ കടകൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു.

നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് മുൻകൂട്ടി അറിയിച്ചിരുന്നു. ഇതു പ്രകാരം 452 പേർക്കെതിരെ കേസെടുത്തു. 229 പേരാണ് അറസ്റ്റിലായത്. 115 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത അയ്യായിരം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയന്ത്രണം ലംഘിച്ചതിന് ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് എറണാകുളം സിറ്റിയിലാണ്- 69 കേസ്. തിരുവനന്തപുരത്ത് 56 ഉം ഇടുക്കിയിൽ 55ഉം കേസ് രജിസ്റ്റർ ചെയ്തു.

എ, ബി, സി കാറ്റഗറികൾ തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന ഇടുക്കി ഉൾപ്പടെയുള്ള ജില്ലകളിൽ പോലീസ് ശക്തമായ പരിശോധനയാണ് നടത്തിയത്. അതിർത്തി മേഖലയിലടക്കം കർശന പരിശോധനകളും നിരീക്ഷണവും ഏർപ്പെടുത്തി. രേഖകളും സത്യവാങ്മൂലവും കരുതിയവർക്ക് ചെക്ക്‌പോയിന്റുകൾ കടന്നുപോകാനായി. ജില്ലാ അതിർത്തികളിൽ പോലീസ് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു. ഡെലിവറി സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമുണ്ടായില്ല.

വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന് ഉത്തരവ് നിലനിൽക്കുന്നതിനാൽ ഇത്തരം സ്ഥലങ്ങളിൽ പോലീസ് പ്രത്യേകം നിരീക്ഷണം നടത്തിയിരുന്നു. പ്രധാന റൂട്ടുകളിൽ കെ എസ് ആർ ടി സി പരിമിതമായ സർവീസ് നടത്തി. ദീർഘദൂര സർവീസുകൾക്ക് തടസ്സമുണ്ടായില്ല.

Latest