Connect with us

National

സുനിതയുടെ മടങ്ങിവരവ് നീളും; എളുപ്പമാകില്ലെന്ന് ഐ എസ് ആർ ഒ മേധാവി

ഒരാഴ്ചത്തെ ദൗത്യവുമായി പോയ ഇന്ത്യൻ വംശജയായ സുനിതാ വില്യംസ് രണ്ട് മാസമായി ബഹിരാകാശ നിയത്തിൽ തുടരുന്നുണ്ട്.

Published

|

Last Updated

ബെംഗളൂരു | ബോയിംഗ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളിലെ തകരാറുകൾ കാരണം ബഹിരാകാശ യാത്രിക സുനിതാ വില്യംസിന്റെ മടങ്ങിവരവ് നീണ്ടുപോയിരിക്കാമെന്ന് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ്. എങ്കിലും അവർ “ബഹിരാകാശത്ത് സാധ്യമായ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണുള്ളതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എൻ ഡി ടി വിക്ക് നൽകിയ അഭിമുഖത്തിൽ സോമനാഥ് പറഞ്ഞു.

ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അടുത്ത വർഷം ആദ്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ എസ് എസ്) പോകുന്നതിനെ കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചത്തെ ദൗത്യവുമായി പോയ ഇന്ത്യൻ വംശജയായ സുനിതാ വില്യംസ് രണ്ട് മാസമായി ബഹിരാകാശ നിയത്തിൽ തുടരുന്നുണ്ട്. അതിന് ഐ എസ് എസുമായി ഒരു ബന്ധവുമില്ല. സുനിതയെ കൂടാതെ എട്ട് പേർ കൂടി അവിടെയുണ്ട്. അവരിൽ പലരും വളരെക്കാലമായി അവിടെ തുടരുന്നവരാണ്. അവരുടെ മടങ്ങിവരവ് ഇനി പൂർത്തീകരിക്കാനുള്ള ദൗത്യങ്ങൾക്ക് ശേഷമാകും. അവരെ തിരികെ കൊണ്ടുവരാൻ തീർച്ചയായും ഒരു വഴിയുണ്ടാകും.

സ്റ്റാർലൈനറിലോ മറ്റേതെങ്കിലും ക്യാപ്‌സ്യൂളിലോ അത് സാധ്യമാകും. എന്നാൽ, ഒരു കാപ്സ്യൂളിൽ പരിശീലനം നേടിയ സംഘത്തെ മറ്റൊന്നിൽ തിരികെ കൊണ്ടുവരിക എന്നത് എളുപ്പമല്ല. മുമ്പൊരിക്കലും അത് ചെയ്തിട്ടില്ലെന്നും ഐ എസ് ആർ ഒ മേധാവി കൂട്ടിച്ചേർത്തു.

Latest