Connect with us

National

സുനിതയും വില്‍മോറും ഇന്ന് ലോകത്തോടു സംസാരിക്കും; ഹീലിയം ചോര്‍ച്ചയെ തുടര്‍ന്ന് മടക്കയാത്ര മുടങ്ങിയ ശേഷം ആദ്യം

ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11.45നാണ് 'എര്‍ത്ത്-ടു-സ്‌പേസ് കോള്‍'.

Published

|

Last Updated

ഹൂസ്റ്റണ്‍ | ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഇന്ന് തത്സമയം ലോകത്തോട് സംസാരിക്കും. ഇന്ന് (സെപ്തം: 13, വെള്ളി) ഇന്ത്യന്‍ സമയം രാത്രി 11.45നാണ് ‘എര്‍ത്ത്-ടു-സ്‌പേസ് കോള്‍’ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

ഹീലിയം ചോര്‍ച്ചയെ തുടര്‍ന്ന് ഭൂമിയിലേക്കുള്ള മടക്കയാത്ര മുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇരുവരും ലോകത്തെ അഭിസംബോധന ചെയ്യാനൊരുങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇരുന്നുകൊണ്ടാണ് നാസയുടെ വാര്‍ത്താ സമ്മേളനത്തിലൂടെ സുനിതയും വില്‍മോറും സംസാരിക്കുക. നിലയത്തിലെ വിവരങ്ങള്‍ അവര്‍ പങ്കുവെക്കും.

എട്ട് ദിവസത്തെ ദൗത്യവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച സുനിതയുടെയും വില്‍മോറിന്റെയും മടക്കം സ്റ്റാര്‍ലൈനര്‍ പേടകത്തിലുണ്ടായ ഹീലിയം ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. എട്ട് മാസത്തേക്കാണ് മടക്കയാത്ര നീണ്ടത്. ഇനി 2025 ഫെബ്രുവരിയില്‍ മാത്രമേ ഇവര്‍ക്ക് തിരിച്ചെത്താന്‍ കഴിയൂ.

2024 ജൂണ്‍ അഞ്ചിനാണ് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ച് ‘ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ്’ എന്ന് പേരിട്ട ബഹിരാകാശ ദൗത്യത്തിനായി ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകം കുതിച്ചത്. ജൂണ്‍ ആറിനാണ് സുനിതയും വില്‍മോറും ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്. നിലയത്തിലെ ദീര്‍ഘകാലം കഴിയേണ്ടി വരുന്നത് ഇരുവരുടെയും ആരോഗ്യം അപകടത്തിലാക്കുമോ എന്ന ആശങ്കയുണ്ട്.

ബഹിരാകാശ നിലയത്തിലെ ജീവിതം, ഗവേഷണം, ആരോഗ്യം തുടങ്ങിയവയെ കുറിച്ച് സുനിതയും വില്‍മോറും ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുമെന്നാണ് പ്രതീക്ഷ.

 

Latest