International
സുനിത വില്യംസും ബുച്ച് വിൽമോറുമില്ല; ബോയിംഗ് സ്റ്റാർലൈനർ പേടകം ഭൂമിയിൽ തിരിച്ചെത്തി
എട്ടു ദിവസത്തെ പരീക്ഷണ നിരീക്ഷണങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് സുനിതയും ബുച്ചും സ്റ്റാർലൈനറിൽ ബഹിരാകാശത്ത് എത്തിയത്. എന്നാൽ പേടകത്തിന് തകരാർ ശ്രദ്ധയിൽപെട്ടതോടെ അപകട സാധ്യത മുന്നിൽ കണ്ട് മടക്കയാത്ര തത്കാലം ഉപേക്ഷിക്കുകയായിരുന്നു.
വാഷിംങ്ടൺ | ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഇല്ലാതെ ബോയിംഗിന്‍റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം ഭൂമിയിൽ തിരിച്ചെത്തി. ഇരുവരും ബഹിരാകാശ നിലയിൽ തുടരുകയാണ്. ബഹിരാകാശ വാഹനത്തിന് തകരാർ സംഭവിച്ചതാണ് ഇവരെ കൂടാതെ വാഹനം ഭൂമിയിലെത്തിക്കാൻ ഇടയാക്കിയത്.
എട്ടു ദിവസത്തെ പരീക്ഷണ നിരീക്ഷണങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് സുനിതയും ബുച്ചും സ്റ്റാർലൈനറിൽ ബഹിരാകാശത്ത് എത്തിയത്. എന്നാൽ പേടകത്തിന് തകരാർ ശ്രദ്ധയിൽപെട്ടതോടെ അപകട സാധ്യത മുന്നിൽ കണ്ട് മടക്കയാത്ര തത്കാലം ഉപേക്ഷിക്കുകയായിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ സ്പേസ് എക്സിന്‍റെ ക്രൂ ഡ്രാഗണിൽ ഇരുവരും മടങ്ങുമെന്നാണ് നാസയുടെ അറിയിപ്പ്.
ഭ്രമണപഥത്തിലെ ലാബിൽനിന്ന് അൺഡോക്ക് ചെയ്ത ആളില്ലാ പേടകം സ്വയംനിയന്ത്രിത മോഡിൽ സഞ്ചരിച്ചാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. ആറ് മണിക്കൂർ സമയമെടുത്താണ് പേടകം ഭൂമിയിലെത്തിയത്. ശനിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 5.01ന് ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ പേടകം ഇറങ്ങി.
വിജയകരമായ ലാൻഡിങ്ങിൽ താൻ സന്തുഷ്ടനാണെന്നും എന്നാൽ ആദ്യം ആസൂത്രണം ചെയ്തതുപോലെ നടന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയാണെന്നും സ്റ്റാർലൈനർ തിരിച്ചെത്തിയതിനുശേഷം നാസ വക്താവ് പ്രതികരിച്ചു.
ബഹിരാകാശ സഞ്ചാരികളുമായി ബോയിംഗിന്‍റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണ പറക്കലായിരുന്നു ഇത്.