International
സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് പുറപ്പെട്ടു; ഡ്രാഗണ്‍ അണ്‍ഡോക്ക് ചെയ്തു
ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് കടലിലാണ് ഡ്രാഗണ്‍ പേടകം ഇറക്കുക.

കാലിഫോര്‍ണിയ| ഒമ്പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിനുശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങി. ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ച് സ്‌പേസ് എക്‌സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്സൂള്‍ ഐഎസ്എസില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 10.35ന് പുറപ്പെട്ടു. സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്.
പതിനേഴ് മണിക്കൂറോളം ദൈര്‍ഘ്യമേറിയ യാത്രയ്ക്കുശേഷം നാളെ പുലര്‍ച്ചെ 3.27ഓടെ ഫ്രീഡം ഡ്രാഗണ്‍ പേടകം ഭൂമിയില്‍ വന്നിറങ്ങും. ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് കടലിലാണ് ഡ്രാഗണ്‍ പേടകം ഇറക്കുക.
കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ ആറിന് ഐഎസ് എസിലെത്തി ജൂണ്‍ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐ എസ് എസിലേക്ക് രണ്ട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വില്‍മോറും. 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.
ജൂണ്‍ 13നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് അത് ജൂണ്‍ 26 ലേക്ക് നീട്ടിവെച്ചു. ബോയിങ് സ്റ്റാര്‍ലൈനര്‍ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണമാണ് സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങാന്‍ സാധിക്കാത്തത്. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറും ഹീലിയം ചോര്‍ച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.