International
മൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുത്ത് സുനിത വില്യംസ്
നാളെ ഫ്ലോറിഡയിലെ കേപ് കാനവെറൽ ബഹിരാകാശ താവളത്തിൽ നിന്ന് കുതിക്കുന്ന ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലന യാത്രയിലാണ് ഇത്തവണ അവർ ഭാഗമാകുന്നത്.
വാഷിംഗ്ടൺ | ബഹിരാകാശ യാത്രയ്ക്ക് വീണ്ടും ഒരുങ്ങി ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. നാളെ ഫ്ലോറിഡയിലെ കേപ് കാനവെറൽ ബഹിരാകാശ താവളത്തിൽ നിന്ന് കുതിക്കുന്ന ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലന യാത്രയിലാണ് ഇത്തവണ അവർ ഭാഗമാകുന്നത്. നാസയുടെ ബുച്ച് വിൽമോറും സ്റ്റാർലൈനറിൽ സുനിത യോടൊപ്പം യാത്രയിൽ പങ്കെടുക്കും.
സ്റ്റാർ ലൈനർ ആദ്യമായാണ് മനുഷ്യരുമായി ഒരു പരീക്ഷണ യാത്ര നടത്തുന്നത്. വാണിജ്യ ആവശ്യങ്ങൾക്കായി സ്റ്റാർ ലൈനർ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് നാസയുമായി ചേർന്ന് ഈ പരീക്ഷണം നടക്കുന്നത്. നാളെ രാവിലെ ഇന്ത്യൻ സമയം 8.34നാണ് പേടകത്തിന്റെ വിക്ഷേപണം. ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്’ എന്നാണ് നാസയുടെ ഈ ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്.
പതിനെട്ട് വർഷം മുമ്പ് 2006 ലായിരുന്നു സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര. നാൽപതാം വയസ്സിലായിരുന്നു ഇത്. 2012-ൽ രണ്ടാമത്തെ യാത്രയും നടത്തി. ഇപ്പോഴിതാ 58-ാം വയസ്സിൽ മൂന്നാമത്തെ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുകയാണ് അവർ.
രണ്ട് ബഹിരാകാശ ദൗത്യങ്ങളിലായി സുനിത വില്യംസ് ഇതുവരെ 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. ഇന്ത്യക്കാരനായ ഡോ.ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായ സുനിത വില്യംസ് അമേരിക്കൻ നാവികസേനാ പരീക്ഷണ പൈലറ്റായിരുന്നു.
വീണ്ടും ഒരിക്കൽ കൂടി ബഹിരാകാശത്ത് എത്തുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ തനിക്ക് വീട്ടിലേക്ക് മടങ്ങുന്ന തോന്നൽ ആണുള്ളത് എന്നാണ് സുനിത പ്രതികരിച്ചത്.