Connect with us

Ongoing News

സൂപ്പര്‍ കപ്പ്: ഗോകുലത്തിന് രണ്ടാം തോല്‍വി, സെമി സാധ്യതകള്‍ അസ്തമിച്ചു

ഗോവ എഫ് സിയോട് മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു തോല്‍വി.

Published

|

Last Updated

കോഴിക്കോട് | സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഗോകുലം കേരളക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഹോം ഗ്രൗണ്ടില്‍ ഐ എസ് എല്‍ ക്ലബായ ഗോവ എഫ് സിയോട് മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു തോല്‍വി. ഐകര്‍ ഗുരോട്സേന (90)യാണ് ഗോവക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്.

ആദ്യ കളിയില്‍ എ ടി കെ മോഹന്‍ ബഗാനോട് 5-1ന് പരാജയപ്പെട്ട ഗോകുലത്തിന്റെ സെമി സാധ്യത ഇതോടെ അസ്തമിച്ചു. ആദ്യ കളിയില്‍ ജംഷഡ്പൂര്‍ എഫ് സിയോട് 3-1ന് പരാജയപ്പെട്ടിരുന്ന ഗോവ ഇന്നലത്തെ മത്സരത്തില്‍ രണ്ടാം പകുതിക്കു ശേഷം നടത്തിയ തിരിച്ചുവരവാണ് വിജയത്തില്‍ കലാശിച്ചത്. ആദ്യ പകുതിയില്‍ വിരസമായിരുന്നു കളി. പറയത്തക്ക മുന്നേറ്റങ്ങള്‍ ഇരു ടീമുകളുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. ആദ്യ പകുതിയില്‍ ഗോവക്ക് ആറും ഗോകുലത്തിന് രണ്ടും വീതം കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചെങ്കിലും ഇരു ടീമുകള്‍ക്കും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിയില്‍ കളി ഉണര്‍ന്നു. ഗോകുലത്തിന്റെ പോസ്റ്റ് ലക്ഷ്യമാക്കി ഗോവ ഇടക്കിടെ ആക്രമണങ്ങള്‍ തൊടുത്തുവിട്ടു. 49ാം മിനുട്ടില്‍ ഗോവയുടെ നോഹ് നല്‍കിയ ഒന്നാന്തരം ക്രോസ്സ് മാകാന്‍ ചോതി പോസ്റ്റിലേക്കടിച്ചെങ്കിലും ഗോകുലത്തിന്റെ മലയാളി ഗോള്‍ കീപ്പര്‍ ഷിബിന്‍ രാജ് തടഞ്ഞിട്ടു.

90ാം മിനുട്ടില്‍ ഗോവയുടെ വിജയ ഗോളെത്തി. ഗോകുലം താരം അബ്ദുല്‍ ഹക്കുവിന്റെ പിഴവില്‍ നിന്ന് കിട്ടിയ പന്ത് ഗോവയുടെ നോഹ് ഗോളിലേക്ക് പായിച്ചു. ഗോകുലം ഗോളി ഷിബിന്‍ രാജ് തടുത്തിട്ട പന്ത് റീബൗണ്ട് കിക്കിലൂടെ ഐക്കര്‍ വലയിലാക്കി. നോഹ് ആണ് ഹീറോ ഓഫ് ദി മാച്ച്.

ബ്രണ്ടന് സമര്‍പ്പിച്ച് ഗോവ
ജയം ക്യാപ്റ്റന്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിനും പിതാവിനും സമര്‍പ്പിച്ച് എഫ് സി ഗോവ. ഗോവന്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പിതാവ് ജാജു ഫെര്‍ണാണ്ടസ് ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ക്യാപ്റ്റനില്ലാതെയാണ് ഗോകുലത്തിനെതിരെ ഗോവയിറങ്ങിയത്.

ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ് സി മറുപടിയില്ലാത്ത മൂന്ന് ഗോളിന് എ ടി കെ മോഹന്‍ ബഗാനെ തകര്‍ത്തു. ബോറിസ് ഇരട്ട ഗോളുകള്‍ (22, 42) നേടി.

മത്സരക്രമത്തില്‍ മാറ്റം
സൂപ്പര്‍ കപ്പില്‍ ഞായറാഴ്ച കോഴിക്കോട്ട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ച ശ്രീനിധി ഡെക്കാന്‍-റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് മത്സരം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് മാറ്റി. കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു മത്സരം കോഴിക്കോട്ട് തന്നെ നടക്കും. ഗ്രൂപ്പ് എ യിലെ ഈ രണ്ട് മത്സരത്തിന്റെയും ഫലങ്ങള്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാകുന്നതിനാലാണ് ഒരേ സമയം രണ്ട് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. രാത്രി എട്ടരക്കാണ് ഇരു മത്സരങ്ങളും.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest