From the print
സൂപ്പര്‍ ലീഗ് കേരള; വരവറിയിച്ച് വാരിയേഴ്‌സ്
തൃശൂര്‍ മാജിക് എഫ് സിയെ 2-1ന് തോല്‍പ്പിച്ചു.
മലപ്പുറം | സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കണ്ണൂര്‍ വാരിയേഴ്‌സ്. കണ്ണൂരിനായി ഡേവിഡ് ഗ്രാന്‍ഡേ (71), അല്‍വാരോ അല്‍വാരസ് (90+4) എന്നിവര്‍ ഗോള്‍ നേടി. അഭിജിത്തിന്റെ (37) വകയായിരുന്നു തൃശൂരിന്റെ ആശ്വാസ ഗോള്‍. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മികച്ച നീക്കങ്ങള്‍ ഇരു ടീമുകളുടെ ഭാഗത്തു നിന്നുമുണ്ടായി. എങ്കിലും കളിയുടെ നിയന്ത്രണം കണ്ണൂരിനായിരുന്നു. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു അവരുടെ തിരിച്ചുവരവ്.
ആദ്യ പകുതിയുടെ തുടക്കത്തില്‍ തൃശൂര്‍ ആധിപത്യം പുലര്‍ത്തി. 37ാം മിനുട്ടില്‍ ബോക്‌സിനുള്ളില്‍ നിന്ന് തൃശൂര്‍ ക്യാപ്റ്റന്‍ സി കെ വിനീത് തൊടുത്ത അളന്നു മുറിച്ച പാസ്സ് അഭിജിത്ത് സര്‍ക്കാര്‍ വലയിലേക്ക് തൊടുത്തു.
71ാം മിനുട്ടില്‍ കണ്ണൂര്‍ തിരിച്ചടിച്ചു. വികാസ് എറിഞ്ഞ ത്രോ ബോക്‌സില്‍ സ്പാനിഷ് താരം ഡേവിഡ് ഗ്രാന്‍ഡേയുടെ കാലിലേക്കെത്തി. താരത്തിന്റെ ഷോട്ട് പോസ്റ്റിന്റെ വലതു മൂലയില്‍ തുളഞ്ഞു കയറി.
88ാം മിനുട്ടില്‍ ഹെന്‍ഡ്രി അന്റോനി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ തൃശൂര്‍ പത്ത് പേരായി ചുരുങ്ങി. അധിക സമയത്തിന്റെ നാലാം മിനുട്ടില്‍ പ്രഗ്യാന്‍ സുന്ദര്‍ എടുത്ത കോര്‍ണര്‍ അല്‍വാരോ അല്‍വാരസ് ഹെഡറിലൂടെ വലയിലെത്തിച്ച് കണ്ണൂരിന് ജയം സമ്മാനിച്ചു. അല്‍വാരോ അല്‍വാരസാണ് കളിയിലെ കേമന്‍.
സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് കാലിക്കറ്റ് എഫ് സി തിരുവനന്തപുരം കൊമ്പന്‍സുമായി കൊന്പുകോര്‍ക്കും. വൈകിട്ട് ഏഴ് മുതല്‍ കോഴിക്കോട് ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.