Connect with us

cricket world cup 2023

ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍: മറുപടി ബാറ്റിങ്ങില്‍ ഓസിസിന് മൂന്നു വിക്കറ്റ് നഷ്ടം; ഇന്ത്യക്കെതിരെ 241 റണ്‍സ് വിജയലക്ഷ്യം

ജസ്പ്രീത് ബുംറക്കു രണ്ട് വിക്കറ്റ് ; ഓസ്‌ട്രേലിയ പതറുന്നു

Published

|

Last Updated

അഹമ്മദാബാദ് | ലോകകപ്പ് ഫൈനലില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് രണ്ടു വിക്കറ്റുകള്‍ നഷ്ടം. ഏഴു റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 15 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷുമാണ് പുറത്തായത്. വൈകാതെ സ്റ്റീവ് മിത്ത് (4) പുറത്തായി. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയുമാണ് വിക്കറ്റെടുത്തത്. ബുംറ രണ്ട് വിക്കറ്റ് നേടി. ജയിക്കാന്‍ 241 റണ്‍സാണ് ഓസ്‌ട്രേലിയക്കു വേണ്ടത്.

2023 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയക്ക് ഇന്ത്യ 241 റൺസ് വിജയലക്ഷ്യം കുറിച്ചു. അഹമ്മദാബാദിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടീം 50 ഓവറിൽ 240 റൺസിന് എല്ലാവരും പുറത്തായി. ഈ ലോകകപ്പിൽ ടീം ഇന്ത്യ ആദ്യമായാണ് ഓൾഔട്ടാകുന്നത്..

ഇന്ത്യൻ ടീമിനായി വിരാട് കോലി 54 റൺസും കെ എൽ രാഹുൽ 66 റൺസും നേടി. 31 പന്തിൽ 47 റൺസ് നേടി ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യക്ക് വേഗമേറിയ തുടക്കം നൽകിയെങ്കിലും ബാക്കിയുള്ള താരങ്ങൾക്ക് ഈ വേഗത തുടരാനായില്ല. ഓസ്‌ട്രേലിയൻ ടീമിനായി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ് 2 വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ആക്രമിച്ചുതന്നെയാണ് ബാറ്റിങ് ചെയ്തതത്. മറുവശത്ത് ഗില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ആദ്യ നാലോവറില്‍ ഇരുവരും ചേര്‍ന്ന് 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. ഏഴുപന്തില്‍ നാലുറണ്‍സ് മാത്രമെടുത്ത താരത്തെ സ്റ്റാര്‍ക്ക് ആദം സാംപയുടെ കൈയ്യിലെത്തിച്ചു.

ഗില്ലിന് പകരമാണു സൂപ്പര്‍ താരം വിരാട് കോലി ക്രീസിലെത്തിയത്. ഏഴാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി കോലി വരവറിയിച്ചു. പിന്നാലെ ടീം സ്‌കോര്‍ 50 കടക്കുകയും ചെയ്തു. രോഹിത്തും കോലിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്കരികില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് വീണു. ഗ്ലെന്‍ മാക്സ്വെല്ലിനെ തുടര്‍ച്ചയായി സിക്സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി.

31 പന്തില്‍ നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 47 റണ്‍സെടുത്ത രോഹിത്തിനെ ട്രാവിസ് ഹെഡ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 76-ല്‍ എത്തിയിരുന്നു. പിന്നാലെ വന്ന ശ്രേയസ്സിനും പിടിച്ചുനില്‍ക്കാനായില്ല. നാല് റണ്‍സെടുത്ത താരത്തെ പാറ്റ് കമ്മിന്‍സ് പുറത്താക്കി.

ഇതോടെ ഇന്ത്യ ഒരു വിക്കറ്റിന് 76 എന്ന നിലയില്‍ നിന്ന് 81 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.പിന്നാലെ വന്ന രാഹുലിനെ കൂട്ടുപിടിച്ച് കോലി ബാറ്റുവീശി. റണ്‍റേറ്റ് കുറഞ്ഞെങ്കിലും വിക്കറ്റ് വീഴാതെ മുന്നോട്ടുപോകാനാണ് കോലിയും രാഹുലും ശ്രദ്ധിച്ചത്. ഇരുവരും 15.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി.

പത്തോവറിലധികം ബൗണ്ടറി പോലും നേടാനാവാതെ ഇന്ത്യ പതറി. സിംഗിളുകള്‍ മാത്രം നേടിയാണ് കോലിയും രാഹുലും ടീമിനെ നയിച്ചത്. ആദ്യ 20 ഓവറില്‍ 115 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. ആദ്യ പത്തോവറില്‍ ഇന്ത്യ 80 റണ്‍സെടുത്തപ്പോള്‍ അടുത്ത പത്തോവറില്‍ വെറും 35 റണ്‍സ് മാത്രമാണ് നേടാനായത്.

ഇരുടീമുകളും കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേടീമിനെ തന്നെ നിലനിര്‍ത്തി. ഇന്ത്യ മൂന്നാം കിരീടവും ഓസ്ട്രേലിയ അഞ്ചാം കിരീടവുമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ഓസീസിനെ ആറുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

 

 

Latest