Connect with us

Kerala

അന്ധവിശ്വാസം തടയല്‍ ബില്‍ ഈ സമ്മേളനത്തില്‍; മതാചാരങ്ങള്‍ ബില്ലില്‍ നിന്നും ഒഴിവാക്കും

ജസ്റ്റിസ് കെ ടി തോമസ് ചെയര്‍മാനായ നിയമ പരിഷ്‌കാര കമ്മിഷന്‍ തയാറാക്കിയ കരട് ബില്ലാണ് ഇലന്തൂര്‍ നരബലിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമമാക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്ന ബില്‍ ഈ മാസം 23 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കൊണ്ട് വരാന്‍ സംസ്ഥാന സര്‍ക്കാര്‍. മതപരമായ ആചാരങ്ങളെ ഒഴിവാക്കി കൊണ്ടാണ് ബില്‍ കൊണ്ട് വരുന്നത്. മതാചാരങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടരുതെന്ന് മുഖ്യമന്ത്രി പ്രത്യേകം നിര്‍ദേശിച്ചിരുന്നു. മത വിശ്വാസങ്ങളായി പരിഗണിച്ച് കുത്തിയോട്ടം, അഗ്‌നിക്കാവടി, തൂക്കം ഉള്‍പ്പടെയുള്ള ആചാരങ്ങളാണ് ബില്ലില്‍ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം നിയമവകുപ്പ് ബില്ലിന്റെ കരട് മുഖ്യമന്ത്രിയുടെ പരിഗണനക്ക് അയച്ചു. മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന തിരുത്തലുകളോടെ കൂട്ടിച്ചേര്‍ക്കലോ ഒഴിവാക്കലോ വരുത്തിയാകും ബില്‍ സഭയിലെത്തുക. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്കും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും തടവും പിഴയും ചുമത്തുന്നതാണ് ബില്ലിന്റെ കരട് രേഖ.

ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും അയ്യായിരം മുതല്‍ അമ്പതിനായിരം രൂപ വരെയും ശിക്ഷ ലഭിക്കും. തട്ടിപ്പിന് സഹായം നല്‍കുന്നവര്‍ക്കും ഇതേ ശിക്ഷയാണ്. ഏതെങ്കിലും കമ്പനിയാണ് ഉത്തരവാദിയെങ്കില്‍ ചുമതലപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കും. തട്ടിപ്പ് കേന്ദ്രങ്ങളെ കുറിച്ച് പരാതി ലഭിച്ചാല്‍ പോലീസിന് തിരച്ചില്‍ നടത്താനും നടപടിയെടുക്കാനും ബില്‍ പോലീസിന് അധികാരം ലഭിക്കും. ഒരാളുടെ അനുമതിയോടെ അനാചാരങ്ങള്‍ നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാല്‍ ഐ പി സിയില്‍ കൊലപാതകത്തിന് പറയുന്ന ശിക്ഷ നല്‍കണമെന്നും കരട് ബില്ലില്‍ പറയുന്നു

ജസ്റ്റിസ് കെ ടി തോമസ് ചെയര്‍മാനായ നിയമ പരിഷ്‌കാര കമ്മിഷന്‍ തയാറാക്കിയ കരട് ബില്ലാണ് ഇലന്തൂര്‍ നരബലിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമമാക്കുന്നത്. ദ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍ഡ് ബ്ലാക് മാജിക് ബില്‍ 2019 ഒക്ടോബറിലാണ് സര്‍ക്കാറിനു സമര്‍പ്പിച്ചത്. ഇതാണ് മാറ്റങ്ങളോടെ നിയമവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയത്.