National
ഊര്‍ജസംരക്ഷണത്തിന് പിന്തുണ; ലോകം ഭൗമ മണിക്കൂര്‍ ആചരിക്കുന്നു
'നമ്മുടെ ഭാവി രൂപപ്പെടുത്തുക' എന്നതാണ് ഈ വര്‍ഷത്തെ ഭൗമ മണിക്കൂറിന്റെ പ്രമേയം

ന്യൂഡല്‍ഹി | ഊര്‍ജ സംരക്ഷണത്തിനുള്ള പിന്തുണയുടെ പ്രകടനമായി ലോകമെമ്പാടും ഇന്ന് ഭൗമ മണിക്കൂര്‍ ആചരിക്കുന്നു. രാത്രി എട്ടര മുതല്‍ ഒന്‍പതര വരെ വൈദ്യുതി വിളക്കുകള്‍ അണച്ചാണ് ഭൗമ മണിക്കൂര്‍ ആചരണം. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ചയാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്.
‘നമ്മുടെ ഭാവി രൂപപ്പെടുത്തുക’ എന്നതാണ് ഈ വര്‍ഷത്തെ ഭൗമ മണിക്കൂറിന്റെ പ്രമേയം. ഇന്ന് നമ്മുടെ ലോകത്തെ ബാധിക്കുന്ന കാലാവസ്ഥയുടെ നാശനഷ്ടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തിക്കൊണ്ട് ഭാവി തലമുറകള്‍ക്കായി ലോകത്തെ രൂപപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന വര്‍ഷമാണിത്.
കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ ആഭിമുഖ്യത്തില്‍, എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി ഒരു മണിക്കൂര്‍ നേരം വളരെ അത്യാവശ്യമുള്ളവയൊഴികെ എല്ലാ വൈദ്യുതോപകരണങ്ങളും അണച്ചിടുന്നതിനെയാണ് ഭൗമ മണിക്കൂര്‍. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന പ്രവര്‍ത്തനങ്ങളിലും ജീവിതശൈലിയിലും മാറ്റം വരുത്താന്‍ ലോകജനതയെ പ്രേരിപ്പിച്ച് വൈദ്യുതി ഉപയോഗം, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ എന്നിവ കുറയ്ക്കുക വഴി ഭൂമിയെ രക്ഷിയ്ക്കുകയെന്നതാണ് എര്‍ത്ത് അവര്‍ അഥവാ ഭൗമ മണിക്കൂര്‍ യജ്ഞത്തിന്റെ ലക്ഷ്യം.
2004-ല്‍ ചെറിയ തോതില്‍ ആരംഭിച്ച ഭൗമ മണിക്കൂര്‍ ആചരണം 2006 മുതലാണ് ഒരു മണിക്കൂര്‍ നേരം ഭൂമിയിലെ ലൈറ്റുകള്‍ അണച്ചു ഭൂമിയെ സംരക്ഷിക്കാനായി ഒത്തുചേരുക എന്ന തലത്തിലേക്ക് എത്തിയത്.