Connect with us

Farmers Protest

ഭാരത ബന്ദിന് പിന്തുണ; ഇന്ന് ഹർത്താൽ

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭം പത്ത് മാസം പൂർത്തിയാകുന്നതിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ചയാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്

Published

|

Last Updated

തിരുവനന്തപുരം | കർഷക സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് പിന്തുണയുമായി കേരളത്തിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയുള്ള ഹർത്താലിന് എൽ ഡി എഫാണ് ആഹ്വാനം ചെയ്തത്. സംയു ക്ത തൊഴിലാളി യൂനിയൻ സമിതികൾ ഹർത്താലിനെ പിന്തുണക്കുന്നുണ്ട്. കേന്ദ്ര സർക്കാർ അനുകൂല തൊഴിലാളി സംഘടനയായ ബി എം എസ് ഹർത്താലിൽ നിന്ന് വിട്ടുനിൽക്കും.

ആശുപത്രി, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ വാഹനങ്ങൾ, വിദ്യാഭ്യാസ- മാധ്യമ സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. സ്വകാര്യ വാഹനങ്ങൾ തടയില്ല. വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും കടകൾ തുറക്കില്ലെന്നും സംയുക്ത ട്രേഡ് യൂനിയൻ സമിതി വ്യക്തമാക്കി. ഹർത്താലിന്റെ ഭാഗമായി ഇന്ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. സർക്കാർ ജീവനക്കാരിൽ ബഹുഭൂരിപക്ഷവും ഹർത്താലിനെ പിന്തുണക്കുന്നുണ്ടെങ്കിലും ഓഫീസുകളിലെത്തുന്ന ജീവനക്കാർക്ക് ജോലി ചെയ്യാനാവശ്യമായ സംരക്ഷണമൊരുക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

അത്യാവശ്യ സർവീസുകൾ മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് കെ എസ് ആർ ടി സി. സി എം ഡി അറിയിച്ചു.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭം പത്ത് മാസം പൂർത്തിയാകുന്നതിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ചയാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്.