Connect with us

International

ഇസ്‌റാഈലിന് പിന്തുണ ; ഹൂത്തികൾ ആക്രമിച്ച ബ്രിട്ടീഷ് കപ്പൽ ചെങ്കടലിൽ മുങ്ങി

കപ്പലുകൾക്കു നേരെയുള്ള ആക്രമണം ചരക്കുനീക്ക പ്രതിസന്ധി കൂട്ടും

Published

|

Last Updated

സന്‍ആ|  ഇസ്റാഈലിനുള്ള ബ്രിട്ടീഷ് പിന്തുണയില്‍ രോഷം പൂണ്ട് യമനിലെ ഹൂത്തികളുടെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പല്‍ റൂബിമാര്‍ ചെങ്കടലില്‍ മുങ്ങി. യമന്‍ സര്‍ക്കാറാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിനു നേരെ കഴിഞ്ഞ മാസം 18നാണ് മിസൈല്‍ ആക്രമണമുണ്ടായത്.

ചെങ്കടലില്‍ യമനിലെ അല്‍ മോഖ തുറമുഖത്തിന് 35 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചുണ്ടായ ആക്രമണത്തില്‍ കപ്പലിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും തുടര്‍ന്ന് കപ്പല്‍ ഉപേക്ഷിച്ച് ജീവനക്കാരെ രക്ഷപ്പെടുത്തുകയുമായിരുന്നു.

കഴിഞ്ഞ നവംബര്‍ മുതല്‍ ബ്രിട്ടീഷ് ചരക്കുകപ്പലുകള്‍ക്കു നേരെ ഹൂത്തികള്‍ ആക്രമണം നടത്തുന്നുണ്ട്. ആക്രമണത്തില്‍ പൂര്‍ണമായും നഷ്ടപ്പെടുന്ന ആദ്യ കപ്പലാണ് റൂബിമാര്‍. വളവും അസംസ്‌കൃത വസ്തുക്കളുമാണ് കപ്പലിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രിയാണ് കപ്പല്‍ മുങ്ങിയതെന്നും ഈ സാഹചര്യത്തില്‍ സമുദ്രത്തില്‍ വലിയ പാരിസ്ഥിതികാഘാതത്തിന് കാരണമാകുമെന്നും യമന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കുകയും ഫലസ്തീനികള്‍ക്ക് മതിയായ മരുന്നും ഭക്ഷണവും നല്‍കുകയും ചെയ്യുന്നത് വരെ ഇസ്‌റാഈല്‍ ബന്ധമുള്ള കപ്പലുകള്‍ക്കു നേരെ ആക്രമണം തുടരുമെന്ന് ഹൂത്തി വക്താവ് ജനറല്‍ യഹ്്യാ സാരി മുന്നറിയിപ്പ് നല്‍കിയിരുന്നു.
കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണം ചെങ്കടലില്‍ വീണ്ടും ചരക്കുനീക്ക പ്രതിസന്ധിയുണ്ടാക്കും. നേരത്തേ നിരവധി ഷിപ്പിംഗ് കമ്പനികള്‍ ചെങ്കടലിലെ സമുദ്രസഞ്ചാര പാതയിലൂടെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

ലോകത്തെ വാണിജ്യ കപ്പല്‍ ഗതാഗതത്തിന്റെ 40 ശതമാനവും ചെങ്കടല്‍ വഴിയുള്ളതാണ്. ചെങ്കടലിനെയും മെഡിറ്ററേനിയന്‍ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയാണ്. ഈ പാതയില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടരുകയാണെങ്കില്‍ ഇസ്റാഈലിനു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാകും. നിലവില്‍ മികച്ച ഷിപ്പിംഗ് കമ്പനികളും ആഫ്രിക്കന്‍ വന്‍കര ചുറ്റിയുള്ള കപ്പല്‍ ഗതാഗതമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇത് കമ്പനികള്‍ക്ക് സമയനഷ്ടത്തോടൊപ്പം ഭാരിച്ച സാമ്പത്തിക നഷ്ടവും വരുത്തിവെക്കുന്നു.

ഇക്കഴിഞ്ഞ ജനുവരി 26നും ഏദന്‍ ഉള്‍ക്കടലില്‍ മറ്റൊരു ബ്രിട്ടീഷ് കപ്പല്‍ ഹൂത്തികള്‍ ആക്രമിച്ചിരുന്നു. ഏദനില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ തെക്ക് കിഴക്കു വെച്ചായിരുന്നു 22 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുള്ള കപ്പല്‍ ആക്രമിച്ചത്.
ചെങ്കടലിലും ബാബ് അല്‍ മന്‍ദബ് കടലിടുക്കിലും ഏദന്‍ ഉള്‍ക്കടലിലും കപ്പുലകള്‍ക്ക് നേരെയുള്ള ആക്രമണത്തിന് പ്രതികരണമെന്ന നിലയില്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് ഹൂത്തി കേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു.

 

---- facebook comment plugin here -----

Latest