National
മാധ്യമങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നത് പൊതുജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിന് തുല്യം: അരവിന്ദ് കെജ്രിവാള്‍
ബി ജെ പിക്കെതിരെ ആരു സംസാരിച്ചാലും ആ ആളുകള്‍ക്ക് പിന്നില്‍ സിബിഐ, ഇഡി, ഐ-ടി എന്നിവയെ കേന്ദ്രസര്‍ക്കാര്‍ വിന്യസിക്കുമെന്നും കെജ്രിവാള്‍
ന്യൂഡല്‍ഹി | മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നും അതിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നത് പൊതുജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതിന് തുല്യമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പ് സര്‍വേ ഓപ്പറേഷന്‍ നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ബി ജെ പിക്കെതിരെ ആരു സംസാരിച്ചാലും ആ ആളുകള്‍ക്ക് പിന്നില്‍ സിബിഐ, ഇഡി, ഐ-ടി എന്നിവയെ കേന്ദ്രസര്‍ക്കാര്‍ വിന്യസിക്കുമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്റെറിയുടെ പശ്ചാത്തലത്തിലാണ് ബിബിസിക്കെതിരായ ഈ നീക്കമെന്നും കെജ്രിവാള്‍ കൂട്ടിചേര്‍ത്തു. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെയും സ്ഥാപനങ്ങളെയും തകര്‍ത്ത് രാജ്യത്തെ മുഴുവന്‍ അടിമകളാക്കാനാണോ ബിജെപി ആഗ്രഹിക്കുന്നതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
അതേസമയം, ബിബിസിക്കെതിരായ സര്‍വേ ഓപ്പറേഷന്‍ രണ്ടാം ദിവസവും തുടര്‍ന്നു. എന്നാല്‍ നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.