National
ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ സുപ്രീംകോടതി വീണ്ടും മാറ്റി
നാലാഴ്ചത്തേക്കാണ് മാറ്റിയത്.
ന്യൂഡല്‍ഹി| 2020ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. നാലാഴ്ചത്തേക്കാണ് മാറ്റിയത്. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരായ ഹരജി ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ബേല ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
ഉമര്‍ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ വിലയിരുത്താന്‍ രേഖകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. തുടര്‍ന്നാണ് കേസ് മാറ്റിയത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഉമര്‍ ഖാലിദിനുവേണ്ടി ഹാജരായത്.
ഡല്‍ഹി വംശഹത്യയിലേക്ക് നയിച്ച സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബര്‍ 13നാണ് ഉമര്‍ ഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. അന്നുമുതല്‍ ജയിലില്‍ കഴിയുകയായിരുന്നു ഖാലിദ്. അതിനിടെ, കഴിഞ്ഞ ഡിസംബറില്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ശന ഉപാധികളോടെ ഒരാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.