National
'ബുൾഡോസർ രാജി'ൽ യുപി സർക്കാറിന് വീണ്ടും സുപ്രീം കോടതി വിമർശം; 25 ലക്ഷം രൂപ പിഴ ഒടുക്കണം
വീടുകൾ രാത്രികാലത്ത് പൊളിക്കാനാവില്ലെന്നും കുടുംബങ്ങൾക്ക് ഒഴിയാൻ സമയം നൽകണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി | ഉത്തർപ്രദേശ് സർക്കാർ നിയമവിരുദ്ധമായി വീടുകൾ പൊളിച്ചു നീക്കിയ സംഭവത്തിൽ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. വീടുകൾ രാത്രികാലത്ത് പൊളിക്കാനാവില്ലെന്നും കുടുംബങ്ങൾക്ക് ഒഴിയാൻ സമയം നൽകണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചു. 2020-ൽ സ്വമേധയാ എടുത്ത കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.
2019-ൽ മുൻ കൂർ നോട്ടീസ് ഇല്ലാതെ തന്റെ വീട് പൊളിച്ചുവെന്ന് ചൂണ്ടിക്കാട്ടിി മനോജ് തിബ്രെവാൾ ആകാശ് എന്നയാൾ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കേസെടുത്തത്. ഹൈവേയിൽ അതിക്രമിച്ച് നിർമ്മിച്ചുവെന്ന് ആരോപിച്ചാണ് മനോജിന്റെ വീട് യുപി ഭരണകൂടം ഒറ്റ രാത്രി കൊണ്ട് പൊളിച്ചുനീക്കിയത്.
ഈ കേസിൽ നോട്ടിസ് ഇല്ലാതെയും നിയമവിരുദ്ധമായുമാണ് പൊളിക്കൽ നടന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പരാതിക്കാരൻ പത്രറിപ്പോർട്ടിലൂടെ റോഡ് നിർമ്മാണത്തിലെ അഴിമതികൾ ചൂണ്ടിക്കാട്ടിയതിനാണ് വീട് പൊളിച്ചത്. സംസ്ഥാനത്തിന്റെ ഇത്തരം നടപടി അംഗീകരിക്കാനാവില്ല. സ്വകാര്യ വസ്തുവകകൾക്കെതിരെ നടപടിയെടുക്കുമ്പോൾ നിയമം പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പരാതിക്കാരൻ 3.7 ചതുരശ്ര മീറ്റർ ഭൂമി കൈയേറിയതായി ഉത്തർപ്രദേശ് സർക്കാർ വാദിച്ചു. ഇതിനെയും കോടതി ഖണ്ഡിച്ചു.
“അദ്ദേഹം 3.7 ചതുരശ്ര മീറ്റർ അതിക്രമിച്ചുവെന്ന് നിങ്ങൾ പറയുന്നു. ഞങ്ങൾ അത് അംഗീകരിക്കുന്നു, അതിനെ സാധൂകരിക്കുന്നില്ല. പക്ഷേ, ഇങ്ങനെയാണോ ആളുകളുടെ വീടുകൾ പൊളിക്കുക? ഇത് നിയമപരമായ അരാജകത്വമാണ്… ആരുടെ വീട്ടിലും ഇങ്ങനെ കയറിപ്പോകാൻ പാടില്ല,” ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ബുൾഡോസറുമായി വന്ന് രാത്രികാലത്ത് വീടുകൾ പൊളിക്കാൻ പാടില്ല. കുടുംബങ്ങൾക്ക് ഒഴിയാൻ സമയം നൽകണം. വീട്ടുപകരണങ്ങൾ എന്തുചെയ്യും? നിയമപ്രകാരമുള്ള നടപടികൾ പാലിക്കണമെന്നും ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ പാർദിവാലയും പറഞ്ഞു.
പരാതിക്കാരന് സർക്കാർ മുൻകൂർ നോട്ടിസ് നൽകിയില്ലെന്നും കോടതി കണ്ടെത്തി. ഈ സാഹചര്യത്തിൽ യോഗി ആദിത്യനാഥ് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. നിയമവിരുദ്ധ പൊളിക്കലിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.