Saudi Arabia
സഊദിയില്‍ റമസാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി ആഹ്വാനം
ഉമ്മുല്‍ ഖുറ കലണ്ടര്‍ പ്രകാരം ഹിജ്‌റ വര്‍ഷം 1444, ശഅബാന്‍ 29 ചൊവ്വാഴ്ച്ച വൈകീട്ടാണ് (2023 മാര്‍ച്ച് 21ന്) മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദേശം.

റിയാദ് | സഊദിയില്‍ റമസാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ വിശ്വാസികളോട് സുപ്രീം കോടതി ആഹ്വാനം ചെയ്തു. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ഉമ്മുല്‍ ഖുറ കലണ്ടര്‍ പ്രകാരം ഹിജ്‌റ വര്‍ഷം 1444, ശഅബാന്‍ 29 ചൊവ്വാഴ്ച്ച വൈകീട്ടാണ് (2023 മാര്‍ച്ച് 21ന്) മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദേശം.
നഗ്ന നേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി കാണുന്നവര്‍ അടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്നും അല്ലെങ്കില്‍ അടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെടണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതിയാണ് മാസപ്പിറവി പ്രഖ്യാപനം നടത്തുക.
രാജ്യത്തെ പ്രധാന മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളായ ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ നിരീക്ഷണത്തിന് ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ബുധനാഴ്ചയായിരിക്കും റമസാന്‍ ഒന്ന് ആരംഭിക്കുക.