National
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് ഇന്ന് വിരമിക്കും
രാജ്യത്തെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ബുധനാഴ്ച ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി | സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് യു യു ലളിത് ഇന്ന് വിരമിക്കും. 2014 ഓഗസ്റ്റ് 13ന് സുപ്രിം കോടതി ജഡ്ജിയായ ലളിത് 49-ാം ചീഫ് ജസ്റ്റിസായി കഴിഞ്ഞ ആഗസ്റ്റ് 27 നാണ് ചുമതലയേറ്റത്. ഇന്ന് ഗുരു നാനാക് ജയന്തി അവധിദിനമായതിനാല്‍ ഇന്നലെ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം.
പുതിയ കേസുകളുടെ ലിസ്റ്റിങ്ങും വാദംകേള്‍ക്കലും കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കാനായതില്‍ സംത്യപ്തി ഉണ്ടെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് പറഞ്ഞു. ജസ്റ്റിസ് ലളിതിന്റെ ഔദ്യോഗികജീവിതം മാത്യകാപരമാണെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിലെ സോലാപുര്‍ സ്വദേശിയാണ് ജസ്റ്റിസ് യു.യു. ലളിത്. 1983-ല്‍ അഭിഭാഷകനായി എന്റോള്‍ചെയ്തു. ബാബറി മസ്ജിദ് കേസില്‍ അന്നത്തെ യു പി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനുവേണ്ടി കോടതിയില്‍ ഹാജരായി. ജസ്റ്റിസ് യു യു ലളിത് വിരമിക്കുന്നതിന് പിനനാലെ രാജ്യത്തെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ബുധനാഴ്ച ചുമതലയേല്‍ക്കും. ചീഫ് ജസ്റ്റിസ് പദവിയില്‍ ചന്ദ്രചൂഡിന് രണ്ടുവര്‍ഷം കാലാവധിയുണ്ട്.