National
നിരോധനത്തിന് എതിരായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർജി സുപ്രീം കോടതി തള്ളി; ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം
സംഘടന ആദ്യം ഹൈക്കോടതിയെ സമീപിക്കുകയും പിന്നീട് സുപ്രീം കോടതിയിൽ എത്തുകയും ചെയ്യണമായിരുന്നു എന്ന് കോടതി
ന്യൂഡൽഹി | പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വിജ്ഞാപനം ശരിവെച്ച യുഎപിഎ ട്രിബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്ത് പാർട്ടി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തിൽ സംഘടന ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബഞ്ച് ഹർജി തള്ളിയത്.
സംഘടന ആദ്യം ഹൈക്കോടതിയെ സമീപിക്കുകയും പിന്നീട് സുപ്രീം കോടതിയിൽ എത്തുകയും ചെയ്യണമായിരുന്നു എന്ന കോടതിയുടെ അഭിപ്രായത്തോട് പിഎഫ്ഐയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ യോജിച്ചു. തുടർന്ന് ബെഞ്ച് ഹർജി തള്ളിയെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ പിഎഫ്ഐക്ക് അവസരം നൽകി.
ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും രാജ്യത്ത് വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് 2022 സെപ്റ്റംബർ 27നാണ് കേന്ദ്ര സർക്കാർ പിഎഫ്ഐക്ക് അഞ്ച് വർഷത്തെ നിരോധനം ഏർപ്പെടുത്തിയത്. സംഘടനയ്ക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും എതിരെ യുഎപിഎയുടെ അധികാരം പ്രയോഗിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും (യുടി) കേന്ദ്രം നിർദേശിക്കുകയും ചെയ്തിരുന്നു. മാർച്ച് 21ന് യുഎപിഎ ട്രിബ്യൂണൽ ഇത് ശരിവെച്ചു. തുടർന്നാണ് പാർട്ടി സുപ്രീം കോടതിയെ സമീപിച്ചത്.
ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സംസ്ഥാന ഏജൻസികളും പൊലീസ് സേനകളും ചേർന്ന് കഴിഞ്ഞ വർഷം രാജ്യത്തുടനീളം നടത്തിയ ഒന്നിലധികം റെയ്ഡുകളിൽ 100 ലധികം പിഎഫ്ഐ കേഡർമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.