National
ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
17 മാസമായി തിഹാർ ജയിലിലാണ് സിസോദിയ

ന്യൂഡൽഹി | ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 17 മാസമായി തിഹാർ ജയിലിലാണ് സിസോദിയ. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ, ഇഡി കേസുകളിൽ ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
അഴിമതിക്കേസിൽ 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2023 മാർച്ച് 9 ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. 2023 ഫെബ്രുവരി 28 ന് അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചു.
കേസിൽ ഇതുവരെ 400-ലധികം സാക്ഷികളും ആയിരക്കണക്കിന് രേഖകളും ഹാജരാക്കിയതായി വിധി പറയുന്നതിനിടെ സുപ്രീം കോടതി പറഞ്ഞു. വരും ദിവസങ്ങളിൽ കേസ് അവസാനിക്കാൻ സാധ്യതയില്ല. ഇത്തരമൊരു സാഹചര്യത്തിൽ സിസോദിയയെ കസ്റ്റഡിയിൽ വയ്ക്കുന്നത് അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിൻ്റെ ലംഘനമാകുമെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ന് വൈകുന്നേരത്തോടെ സിസോദിയ ജയിൽ മോചിതരായേക്കും. സുപ്രീം കോടതിയുടെ ഉത്തരവിൻ്റെ പകർപ്പ് റവന്യൂ കോടതിക്ക് അയക്കും. അവിടെ സിസോദിയ 10 ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കണം. തുടർന്ന് വിടുതൽ ഉത്തരവ് തിഹാർ ജയിലിലേക്ക് അയക്കും. ഇതിന് ശേഷം സിസോദിയ ജയിൽ മോചിതനാകും.