National
സുപ്രീം കോടതി ബാർ അസോസിയേഷനിൽ മൂന്നിലൊന്ന് സ്ത്രീ സംവരണം നിർബന്ധമാക്കി സുപ്രീം കോടതി
2024-25 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പിൽ തന്നെ ഇത് ബാധകമാക്കണമെന്നും കോടതി

ന്യൂഡൽഹി | സുപ്രീം കോടതി ബാർ അസോസിയേഷനിൽ മൂന്നിലൊന്ന് വനിതാ സംവരണം നടപ്പാക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. 2024-25 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പിൽ തന്നെ ഇത് ബാധകമാക്കണമെന്നും കോടതി നിർദേശിച്ചു. കൂടാതെ ഈ വർഷം എസ് സി ബി എ ട്രെഷറർ സ്ഥാനം വനിതാ സ്ഥാനാർഥിക്ക് സംവരണം ചെയ്യണമെന്നും നിർദേശമുണ്ട്. മെയ് 16ന് എസ് സി ബി എ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി നിർദദേശം.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് ഉത്തരവ്. ഈ സംവരണം മറ്റു തസ്തികകളിലേക്ക് മത്സരിക്കുന്നതിൽ നിന്ന് യോഗ്യരായ വനിതാ അംഗങ്ങളെ തടയില്ലെന്നും ബഞ്ച് വ്യക്തമാക്കി.
ബാർ അസോഷിയേഷൻ ഭാരവാഹിത്വത്തിലെ പ്രധാന പോസ്റ്റുകളിൽ ഒന്ന് റൊട്ടേഷൻ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് സംവരണം ചെയ്യണം. ഇതിന്റെ ആദ്യ പടിയെന്ന നിലയിൽ ഇത്തവണ ട്രെഷറർ സ്ഥാനം സ്ത്രീകൾക്ക് മാറ്റിവെക്കണമെന്നും കോടതി വ്യക്തമാക്കി.